ട്രംപ് തിരികൊളുത്തുന്നത് വ്യാപാര യുദ്ധത്തിന്

ട്രംപ് തിരികൊളുത്തുന്നത് വ്യാപാര യുദ്ധത്തിന്

മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം വ്യാപാര യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയില്‍ ലോകം. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും താരിഫാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. താരിഫ് ഉയര്‍ത്താന്‍ മൂന്ന് കാരണങ്ങളും ട്രംപ് പറഞ്ഞു. ഒന്ന്, വര്‍ധിച്ച് വരുന്ന അഭയാര്‍ഥി പ്രവാഹം. രണ്ട്, മയക്കുമരുന്നിന്റെ ഒഴുക്ക്. മൂന്ന്, വായ്പാ തിരിച്ചടവില്‍ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും നല്‍കിവരുന്ന ഇളവ്.

മെക്‌സിക്കോയ്ക്കും കാനഡക്കും ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതോടെ, മൂന്ന് രാജ്യങ്ങള്‍ക്കിടയിലെ നികുതി രഹിത വ്യാപാരം എന്ന നയമാണ് ട്രംപ് തിരുത്തിയത്. 800 ഡോളറില്‍ താഴെയുള്ള ഷിപ്‌മെന്റുകള്‍ക്ക് നികുതി അടക്കാതെ യുഎസില്‍ പ്രവേശിക്കാമെന്ന ഡി മിനിമിസ് സാധ്യതക്കും ട്രംപ് പൂട്ടിട്ടിരിക്കുകയാണ്. ഇത് ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ഷെയ്ന്‍, തെമു എന്നിവക്ക് മാത്രമല്ല, അമേരിക്കയിലെ നിരവധി ചെറുകിട വ്യാപാരികള്‍ക്കും വന്‍ തിരിച്ചടിയാണ്. മാത്രമല്ല, അമേരിക്കയില്‍ അവൊക്കാഡോ മുതല്‍ ചെരുപ്പുകള്‍ വരെയുള്ള വസ്തുക്കള്‍ക്ക് വിലക്കൂടാനും ട്രംപിന്റെ തീരുമാനം കാരണമാകും. പക്ഷേ മയക്കുമരുന്നിന്റെ ഒഴുക്ക് തടയുന്നതിന് മൂന്ന് രാജ്യങ്ങളെയും പ്രതിജ്ഞാബദ്ധരാക്കാന്‍ താരിഫ് ഏര്‍പ്പെടുത്തല്‍ ആവശ്യമാണെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് താരിഫുകള്‍ നടപ്പിലാക്കുന്നത്. ഇതുവഴി ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിഡന്റിന് ഏകപക്ഷീയമായി കൈകാര്യം ചെയ്യാന്‍ കഴിയും.

മെക്‌സിക്കോയിലെ ഭരണകൂടത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അതേ നാണയത്തില്‍ തന്നെ മെക്‌സിക്കോ തിരിച്ചടിച്ചു. ലഹരിമാഫിയയുടെ കൈകളിലേക്ക് ആയുധമെത്തുന്നത് തടയാന്‍ നിങ്ങളാദ്യം നടപടി എടുക്കൂ എന്നാണ് യുഎസിന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബൗം നല്‍കിയ മറുപടി. താരിഫ് ഏര്‍പ്പെടുത്തിയതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. ചര്‍ച്ച ചെയ്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. യുഎസുമായി സഹകരിക്കാന്‍ മെക്‌സിക്കോ തയാറാണെന്നും ക്ലൗഡിയ പറഞ്ഞു. ട്രംപിന് മറുപടിയായി യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് മെക്‌സിക്കോയും 25 ശതമാനം നികുതി ചുമത്തുമെന്നാണ് സൂചന.

തക്കതായ മറുപടി നല്‍കുമെന്ന് കാനഡയും വ്യക്തമാക്കി കഴിഞ്ഞു. 15500 കോടി ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കാനഡയുടെ നീക്കം. അമേരിക്കന്‍ ബിയര്‍, വൈന്‍, പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍, പെര്‍ഫ്യൂംസ് തുടങ്ങിയവക്കാണ് കാനഡ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുക. അമേരിക്കയിലെത്തുന്ന മയക്കുമരുന്നിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് കാനഡയില്‍ നിന്നുള്ളതെന്ന് പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് ചൈനയും രംഗത്തെത്തിക്കഴിഞ്ഞു. യുഎസിന്റെ തീരുമാനത്തിന് എതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കാനാണ് ചൈനയുടെ തീരുമാനം. ട്രംപിന്റെ ഒന്നാം ഊഴത്തില്‍ യുഎസ് – ചൈന വ്യാപാര ബന്ധം അങ്ങേയറ്റം മോശമാകുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് അമേരിക്കന്‍ താരിഫിന് മറുപടിയായി സോയ ബീന്‍സ്, ചോളം തുടങ്ങി, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈനയും നികുതി വര്‍ധിപ്പിച്ചിരുന്നു. ഇത് അമേരിക്കയിലെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഒടുവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയില്‍ നിന്ന് 92 ശതമാനവും കര്‍ഷകരെ കരകയറ്റാന്‍ ഉപയോഗിക്കേണ്ടി വന്നു. വീണ്ടും ഒരു വ്യാപാര യുദ്ധമുണ്ടായാല്‍ ആര് ജയിക്കും എന്നതിന് ഉത്തരമില്ല. പക്ഷേ സാധാരണക്കാരായ ഉത്പാദകരും ഉപഭോക്താക്കളും വലിയ വില നല്‍കേണ്ടി വരുമെന്ന് വ്യക്തം.