പ്രവാസികൾക്ക് വൻ തിരിച്ചടി, 269 ജോലികളിൽ സ്വദേശിവത്കരണം ഉയർത്തും

പ്രവാസികൾക്ക് വൻ തിരിച്ചടി, 269 ജോലികളിൽ സ്വദേശിവത്കരണം ഉയർത്തും

ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി-ഭവനകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിവിധ തൊഴിൽ വിഭാഗങ്ങളിലായാണ് 269 ജോലികളിൽ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നത്.

ദന്തൽ, ഫാർമസി, അക്കൗണ്ടിങ്, എൻജിനീയറിങ് ടെക്നിക്കൽ ജോലികളിലാണ് 30 ശതമാനം മുതൽ 70 ശതമാനം വരെ സ്വദേശിവത്കരണ തോത് ഉയർത്തുക. ഈ വർഷം ജൂലൈ 23 മുതൽ ഫാർമസി വിഭാഗത്തിലെ നിരവധി ജോലികളിൽ പുതിയ സൗദിവത്കരണനിരക്ക് പ്രാബല്യത്തിൽ വരും. ആശുപത്രികളിലെ ഫാർമസി ജോലികളിൽ 65 ശതമാനവും ആശുപത്രിക്ക് പുറത്തുള്ള ഫാർമസി ജോലികളിൽ 55 ശതമാനവുമായിരിക്കും സ്വദേശിവത്കരണം. ഫാർമസി തസ്തികയിൽ അഞ്ചോ അതിലധികമോ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം.

ദന്തൽ തൊഴിലുകളിലെ പുതിയ നിരക്ക് രണ്ട് ഘട്ടങ്ങളായാണ് നടപ്പിൽ വരുത്തുക. ആദ്യ ഘട്ടം ഈ വർഷം ജൂലൈ 23ന് ആരംഭിക്കും. സ്വദേശിവത്കരണ നിരക്ക് 45 ശതമാനം വരെയായിരിക്കും. ഉത്തരവിറങ്ങി ഒരു വർഷത്തിന് ശേഷമായിരിക്കും രണ്ടാം ഘട്ടം. അപ്പോൾ 55 ശതമാനം വരെയായി ഉയർത്തും. മൂന്നോ അതിലധികമോ ആളുകൾ ദന്തൽ തസ്തികകളിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം. ഈ തൊഴിലുകളിലെ കുറഞ്ഞ വേതനം 9,000 സൗദി റിയാലായിരിക്കും.

അക്കൗണ്ടിങ് ജോലികളിലെ സ്വദേശിത്കരണ നിരക്ക് ഉയർത്തുന്നത് ഈ വർഷം ഒക്ടോബർ 22 മുതൽ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ഘട്ടങ്ങളായാണ്. ആദ്യഘട്ടത്തിൽ അഞ്ചോ അതിലധികമോ അക്കൗണ്ടൻറുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ 40 ശതമാനം സ്വദേശികളെ ഈ തസ്തികകളിൽ നിയമിക്കണം. അവസാന ഘട്ടത്തിൽ ഇത് 70 ശതമാനം വരെ എത്തും.

എൻജിനീയറിങ് ടെക്നിക്കൽ പ്രഫഷനുകളിൽ ഈ വർഷം ജൂലൈ 23 മുതലാണ് സ്വദേശിവത്കരണ നിരക്ക് ഉയർത്തുക. ഈ തൊഴിലുകളിലെ മൊത്തം തൊഴിലാളികളുടെ 30 ശതമാനമായി സ്വദേശിവത്കരണ നിരക്ക് ഉയർത്താൻ മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയവുമായി ധാരണയിലെത്തിയിട്ടുണ്ട്. എൻജിനീയറിങ് ടെക്നിക് തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ഈ തീരുമാനത്തിൽ ഉൾപ്പെടും. സ്വദേശിവത്കരണം കണക്കാക്കുന്നതിനുള്ള സംവിധാനവും നിയമം ലംഘിച്ചാൽ ചുമത്തുന്ന പിഴകളും തൊഴിലുടമകൾക്കും കമ്പനികൾക്കും മനസിലാക്കാൻ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ വിശദാംശങ്ങളും നടപടിക്രമ മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.