ടെക് ലോകത്തിൻ്റെ സ്റ്റിയറിങ് തിരിച്ച് ഡീപ്‌സീക്ക്; ആവിയായത് 9.25 ലക്ഷം കോടി രൂപ; വിറച്ച് അമേരിക്കൻ ബിസിനസ് ലോകം

ടെക് ലോകത്തിൻ്റെ സ്റ്റിയറിങ് തിരിച്ച് ഡീപ്‌സീക്ക്; ആവിയായത് 9.25 ലക്ഷം കോടി രൂപ; വിറച്ച് അമേരിക്കൻ ബിസിനസ് ലോകം

നി‍ർമ്മിത ബുദ്ധിയുടെ ലോകം വാഴുന്ന വമ്പന്മാരുടെ ഇടയിലേക്ക് പയ്യെ നടന്നുവന്നൊരു കു‌ഞ്ഞൻ. പുതിയ ലോകത്തിൻ്റെ സ്റ്റിയറിങ് വീൽ തിരിച്ചിരുന്ന ഗൂഗിളിൻ്റെ ജെമിനിയും ചാറ്റ് ജിപിടിയുമടക്കം വമ്പന്മാരെയെല്ലാം അസ്ഥപ്രജ്ഞരാക്കിയുള്ള കുതിപ്പ്. ലോകം ഇന്ന് ചൈനയുടെ ഡീപ്‌സീകിന് മുന്നിൽ വണ്ടറടിച്ച് നിൽക്കുന്നു. മുൻനിരക്കാരെയെല്ലാം ഒന്നൊന്നായി തറപറ്റിച്ച് ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളെ ഗണത്തിൽ ഒന്നാമതെത്തിയ ഡീപ് സീക് ലോക വിപണിയെ തന്നെ അടിമുടി കുലുക്കി കളഞ്ഞു. ഒറ്റയടിക്ക് ലോകത്തെ അതിസമ്പന്നരുടെ 9.25 ലക്ഷം കോടി രൂപ ആവിയാക്കി മാറ്റി.

അമേരിക്കൻ ഓഹരി വിപണിയുടെ ടെക് സൂചികയായ നാസ്‌ഡാക്ക് കുത്തനെ ഇടിഞ്ഞത് ഡീപ്‌സീക്കിൻ്റെ കുതിപ്പിനെ തുട‍ർന്നാണ്. ഒറാക്കിള്‍ കോര്‍പ്പ് സഹസ്ഥാപകന്‍ ലാറി എലിസണിന് 22.6 ബില്യണ്‍ ഡോളര്‍ ഇതേത്തുടർന്ന് നഷ്ടമായി. എന്‍വിഡിയ കോര്‍പ്പ് സഹസ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്ങിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇദ്ദേഹത്തിൻ്റെ സമ്പത്ത് 20% കുറഞ്ഞ് 20.1 ബില്യണ്‍ ഡോളറിലെത്തി. ഡെല്‍ ഇന്‍കോര്‍പ്പറേറ്റഡിന്‍റെ സ്ഥാപകൻ മൈക്കല്‍ ഡെല്ലിന് 13 ബില്യണ്‍ ഡോളറും, ബിനാന്‍സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്‍റെ സഹസ്ഥാപകനായ ചാങ്പെങ് സിഇസെഡ് ഷാവോയ്ക്ക് 12.1 ബില്യണ്‍ ഡോളറും നഷ്ടം സംഭവിച്ചു. ടെക് ലോകത്ത് വമ്പന്‍ കമ്പനികളുടെ 94 ബില്യണ്‍ ഡോള‍ർ സമ്പത്ത് മാഞ്ഞുപോയി.

ചൈനയിലെ ഹാങ്ഷൗ ആസ്ഥാനമായാണ് ഡീപ്‌സീക്ക് പ്രവർത്തിക്കുന്നത്. 2023 മുതല്‍ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വിവിധ മോഡലുകള്‍ ഇവർ വികസിപ്പിച്ചിരുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന ഡീപ്‌സീക്ക് ആ‍ർ വൺ ചാറ്റ് ബോട് ആപ്പ് ലോകമെങ്ങും തരംഗമായതാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം. പൂരപ്പറമ്പിലെന്ന പോലെ ജനം ഇടിച്ചുകയറിയതോടെ ഇപ്പോൾ പുതുതായി ഡീപ്സീക്കില്‍ ലോഗിന്‍ ചെയ്യാൻ ശ്രമിക്കുന്നവർക്ക് തടസം നേരിടുന്നുണ്ട്. വെറും 56 ലക്ഷം ഡോളർ ചെലവാക്കിയാണ് പുതിയ എഐ മോഡൽ വികസിപ്പിച്ചതെന്നാണ് ഡീപ്‌സീക്ക് വെളിപ്പെടുത്തിയത്. ടെക് ലോകത്തിൻ്റെ കടിഞ്ഞാൺ ഡീപ്‌സീക്കിൻ്റെ കൈയ്യിലാകുന്നത് അമേരിക്കൻ വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.