പന്ത്രണ്ടാമത് ഫെസ്‌ക പുരസ്‌കാരം മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന്
ഫോറം ഓഫ് എംപ്ലോയീസ് ഫോർ സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിന്റെ (ഫെസ്‌ക) പന്ത്രണ്ടാമത് ഫെസ്‌ക പുരസ്‌കാരം നേടി മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ്. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൊല്ലം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ ഫെസ്‌ക നൽകിവരുന്ന അംഗീകരമാണ് ഫെസ്‌ക പുരസ്‌കാരം. 2025 ലെ ഫെസ്‌ക പുരസ്‌കാരമാണ് അപൂർവ ജനിതക രോഗബാധിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനാൽ മൈൻഡ് ട്രസ്റ്റിന് ലഭിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ കൊല്ലം പ്ലാമൂട് വച്ചു നടന്ന ചടങ്ങിൽ എം. എൽ. എ കോവൂർ കുഞ്ഞുമോൻ പുരസ്‌കാരം സമർപ്പിച്ചു. മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി. എസ്, മൈൻഡ് ട്രസ്റ്റ് കൊല്ലം ജില്ലാ കോർഡിനേറ്റർമാരായ പ്രശാന്ത്, ഷീജ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മൈൻഡ് അംഗമായ വീണ വേണുഗോപാലൻ, കൂട്ട് വോളന്റിയർ വിങ് അംഗങ്ങളായ അൽ അമീൻ, കാർത്തിക് മുതലായവർ ചടങ്ങിൽ പങ്കെടുത്തു.