സച്ചിനു പോലും ആ ഭാഗ്യമില്ല, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കായി സെഞ്ചുറി അടിച്ച ഒരേയൊരു ഇന്ത്യൻ താരം

സച്ചിനു പോലും ആ ഭാഗ്യമില്ല, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്കായി സെഞ്ചുറി അടിച്ച ഒരേയൊരു ഇന്ത്യൻ താരം

രാജ്യം 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് ഇന്ന്. റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ രാജ്യത്തെ പ്രതിനിധീകരിച്ച് സ്വന്തമാക്കുന്ന നേട്ടങ്ങള്‍ക്ക് കായികമേഖലയില്‍ തിളക്കമേറും. എല്ലാം കണക്കുകളായും റെക്കോര്‍ഡുകളായും രേഖപ്പെടുത്തിവെക്കുന്ന ക്രിക്കറ്റിന്‍റെ കാര്യമെടുത്താല്‍ രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ സെഞ്ചുറി നേടിയ എത്ര ഇന്ത്യൻ താരങ്ങളുണ്ടെന്നത് പരിശോധിക്കുന്നത് ഈ അവസരത്തില്‍ കൗതുകകരമായിരിക്കും.

സെഞ്ചുറികളില്‍ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളില്‍ ഒരേയൊരു താരത്തിന് മാത്രമാണ് രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനത്തില്‍ സെഞ്ചുറി അടിക്കാനുള്ള ആ ഭാഗ്യം ഉണ്ടായിട്ടുള്ളത്. അത് മറ്റാരുമല്ല സാക്ഷാല്‍ വിരാട് കോലിയാണ്. 2012 ജനുവരി 26ന് ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡിലായിരുന്നു വിരാട് കോലിയുടെ സെഞ്ചുറി. കോലിയുടെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി കൂടിയാണിത്.

കോലി കഴിഞ്ഞാല്‍ റിപ്പബ്ലിക് ദിനത്തില്‍ സെഞ്ചുറിക്ക് അരികിലെത്തിയ രണ്ട് താരങ്ങളുണ്ട്. ഒരാള്‍ സച്ചിന്‍ തന്നെയാണ്. 1994ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ജനുവരി 26ന് സച്ചിന്‍ 94 റണ്‍സെടുത്ത് സെഞ്ചുറിക്ക് ആറ് റണ്‍സകലെ പുറത്തായെങ്കില്‍ അതേ ടെസ്റ്റില്‍ ഓപ്പണര്‍ നവജ്യോത് സിംഗ് സിദ്ദു പുറത്തായത് 99 റണ്‍സിലായിരുന്നു. വിരാട് കോലി റിപ്പബ്ലിക് ദിനത്തില്‍ ഒരിക്കല്‍ കൂടി സെഞ്ചുറിക്ക് അരികിലെത്തിയിരുന്നു. 2016ല്‍ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ 90 റണ്‍സെടുത്ത് കോലി പുറത്തായി. എം എസ് ധോണി(89), രോഹിത് ശര്‍മ(87), കെ എല്‍ രാഹുല്‍(86) എന്നിവരാണ് റിപ്പബ്ലിക് ദിനത്തിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ താരങ്ങള്‍.

റിപ്പബ്ലിക് ദിനത്തിലെ കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒറ്റ ഇന്ത്യൻ താരത്തിനുപോലും ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ലെന്നതും ചരിത്രമാണ്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരാട് കോലി ഓഗസ്റ്റ് 14ന് സെഞ്ചുറി നേടിയിട്ടുണ്ട്. ഇന്ത്യൻ സമയം ഓഗസ്റ്റ് 15നായിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസിലെ പ്രാദേശിക ഓഗസ്റ്റ് 14നായിരുന്നു ഈ സെഞ്ചുറി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അര്‍ധസെഞ്ചുിറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം എം എസ് ധോണിയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും ആദ്യമായി ട20 ക്രിക്കറ്റില്‍ ഇന്ത്യൻ കുപ്പായമണിഞ്ഞത് 2016 ജനുവരി 26നായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.