ബെൻ ഡക്കറ്റ് തകർപ്പൻ ഫിഫ്റ്റിയുമായി കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു

ബെൻ ഡക്കറ്റ് തകർപ്പൻ ഫിഫ്റ്റിയുമായി കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി 20 മത്സരം പുരോഗമിക്കുകയാണ്. മൂന്നാം ടി 20 യിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതേ സമയം 12 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് 100 കടന്നു. ബെൻ ഡക്കറ്റ് തകർപ്പൻ ഫിഫ്റ്റിയുമായി കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്.

ജോസ് ബട്ലർ 22 പന്തിൽ 24 റൺസ് നേടി. കഴിഞ്ഞ രണ്ട് മത്സരത്തിലും ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ താരമായിരുന്നു ബട്ലർ. 68, 45 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളിലെയും പ്രകടനം. ഇന്നും താരത്തിന് മികച്ച തുടക്കം ലഭിച്ചു. എന്നാൽ ഒമ്പതാം ഓവറിന്റെ അവസാന പന്തിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ താരം പുറത്തായി. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ബട്ലറിനെ സഞ്ജു പിടികൂടി. ഗ്ലൗസിൽ ഉരഞ്ഞുപോയ പന്തിന് അംപയർ ഔട്ട് വിളിച്ചിരുന്നില്ല. ഗ്രൗണ്ടിലെ മറ്റ് താരങ്ങളും ഔട്ടിന് വേണ്ടി വലിയ രീതിയിൽ അപ്പീൽ ചെയ്തില്ലെങ്കിലും സഞ്ജു ഉറച്ചു നിന്നു. ഒടുവിൽ സഞ്ജുവിൻെറ നിർബന്ധത്തിന് വഴങ്ങി സൂര്യ റിവ്യൂ വിളിച്ചപ്പോൾ കിട്ടിയത് വിലപ്പെട്ട വിക്കറ്റായിരുന്നു.

നേരത്തെ രാജസ്ഥാൻ റോയൽസിലെ പങ്കാളികളായിരുന്നു ബട്ലറും സഞ്ജുവും എന്നതും കൗതുകമുള്ള കാര്യമാണ്. എന്നാൽ പുതിയ സീസണിൽ താരത്തെ രാജസ്ഥാൻ നിലനിർത്തിയില്ല. രാജസ്ഥാൻ റോയൽസ് ബട്ലറെ നിലനിർത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. താരത്തിന്റെ ഈ പരമ്പരയിലെ രണ്ട് ഇന്നിങ്സിലെ പ്രകടനവും ഇതിന് ആധാരമായി ചിലർ ചൂണ്ടി കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ ക്യാപ്റ്റനായി തുടരുന്ന സഞ്ജു തന്നെ ബട്ലറെ പിടികൂടിയത്.