മിഹിറിന്റെ മരണം: പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

മിഹിറിന്റെ മരണം: പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി

എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങിനെ തുടർന്ന് മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി. ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം. മിഹിർ അഹമ്മദിന്റെ സഹോദരന്റെ മൊഴിയെടുത്തു.

മിഹിർ പഠിച്ച ആദ്യ സ്‌കൂളിലെ സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് രണ്ടാമത്ത സ്‌കൂളിൽ മിഹിറിന് മർദനമേറ്റതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതേ വിദ്യാർത്ഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ക്രൂരമായ കുറ്റകൃത്യം ആണെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി.

സ്കൂൾ മാനേജ്മെന്റിന്റെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടയിലാണ് റാ​ഗിങ് പരാതിയിൽ അന്വേഷണം നടക്കുന്നത്.

അതേസമയം സ്കൂളിന്റെ എൻഒസി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലായിരുന്നു. സ്‌കൂളിന് എൻഒസി ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തുന്ന കോഴ്‌സ് ആയാലും ആര് നടത്തുന്ന കോഴ്‌സ് ആയാലും നിയമാനുസൃതം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഒരു എൻഒസി വാങ്ങിയിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.