‘ഇന്ത്യക്കായി കളിച്ചവർക്ക് അവ​ഗണന’; നിയമനത്തിനെതിരെ മുൻ ഫുട്ബോൾ താരങ്ങൾ

‘ഇന്ത്യക്കായി കളിച്ചവർക്ക് അവ​ഗണന’; നിയമനത്തിനെതിരെ മുൻ ഫുട്ബോൾ താരങ്ങൾ

ബോഡി ബിൽഡിങ്‌ താരങ്ങളെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ. ഇന്ത്യക്കായി കളിച്ചവർ വർഷങ്ങളായി പുറത്തിരിക്കുമ്പോഴാണ് പുതിയ നിയമനമെന്ന് എൻ.പി പ്രദീപ് കുറ്റപ്പെടുത്തി. സ്പോർട്സ് കൗൺസിലിനും കായികമന്ത്രിക്കും നിരവധി തവണ അപേക്ഷ നൽകിയെങ്കിലും അവഗണനയാണെന്ന് റിനോ ആന്റോ പറഞ്ഞു.

ബോഡി ബിൽഡിങ്‌ താരങ്ങളുടെ നിയമനം കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്ന് എൻ.പി പ്രദീപ് പ്രതികരിച്ചു. പ്രത്യേക പരിഗണന നൽകണമെന്ന് താനും അഭ്യർത്ഥിച്ചിരുന്നു. പ്രത്യേക പരിഗണന ആർക്കും ഇല്ലെന്നാണ് കത്തിലൂടെ സർക്കാർ മറുപടി നൽകിയതെന്ന് പ്രദീപ് പറയുന്നു. രണ്ട് പേർക്കും മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിയമനം നൽകിയതെന്ന് റിനോ ആന്റോ പറഞ്ഞു.

ബോഡി ബിൽഡിങ്‌ സ്പോർട്സ് ക്വാട്ടയിലെ ഇനമല്ല. ഇന്ത്യക്ക് വേണ്ടി കളിച്ച തങ്ങൾക്ക് ഒരു പരിഗണനയും ഇല്ല. സ്പോർട്സ് കൗൺസിലിനും കായിക മന്ത്രിക്കും നിരവധി തവണ അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ നിയമനത്തിനുള്ള പ്രായം കഴിഞ്ഞു. ഇങ്ങനെ അവഗണിച്ചാൽ പുതിയ കായിക താരങ്ങൾ കടന്നുവരില്ലെന്ന് റിനോ ആന്റോ പറഞ്ഞു.

ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർമാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് മറികടന്നാണ് ബോഡി ബിൽഡിങ് താരങ്ങൾക്ക് നിയമനം നൽകിയത്. ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്കാണ് നിയമനം. മന്ത്രിസഭാ യോ​ഗത്തിലായിരുന്നു വിചിത്ര നിയമനത്തിന് അം​ഗീകാരം നൽകിയത്. നിരവധി കായിക താരങ്ങൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മാനദണ്ഡങ്ങൾ ലം​ഘിച്ച് ബോഡി ബി​ൽ‍ഡിങ് താരങ്ങൾ നിയനം നൽകാൻ മന്ത്രി സഭ തീരുമാനിച്ചത്.