വെടി നിർത്തൽ; ഗാസയിൽ ഇനി സമാധാനം
ഗാസയിൽ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറച്ചു പ്രാദേശികസമയം എന്ന് രാവിലെ 8:30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് മധ്യസ്ഥരായ ഖത്തർ അറിയിച്ചു. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് ഒടുക്കം അന്ത്യം കുറിച്ചിരിക്കുന്നത്.
ബന്ദികളുടെ പട്ടിക കൈമാറാത്തതിനാൽ വെടിനിർത്തൽ കരാർ നിർത്തി വെക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകിയിരുന്നു. ബന്ദികളാക്കിയ റോമി ഗോണൻ, എമിലി ദമാരി, ഡോറൺ സ്റ്റെയിൻബ്രച്ചർ എന്നിവരെ ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ പട്ടികയിലെ പേരുകൾ ലഭിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ പരിശോധിച്ച് വരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ നെതന്യാഹു സഖ്യസർക്കാരിലെ സഖ്യകക്ഷിയായ ഒറ്റ്സ്മ യെഹൂദിറ്റ് പാർട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയിൽ നിന്ന് ഇവരുടെ മൂന്ന് മന്ത്രിമാർ രാജിവെച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസർലൗഫ് എന്നിവർ ബെഞ്ചമിൻ നെത്യന്യാഹുവിന് രാജികത്ത് സമർപ്പിച്ചു. മന്ത്രിസഭയിൽ നിന്നും പിന്മാറുന്നുവെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിൻവലിക്കില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.