budget2025,കാന്‍സര്‍ മരുന്നുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും
രാജ്യത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ മുന്നില്‍ കണ്ട് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനം നടത്തുമ്പോള്‍ സാധാരണക്കാര്‍ കാതോര്‍ക്കുന്നത് വിലകുറയുന്നത് എന്തിനെല്ലാമാണെന്ന പ്രഖ്യാപനത്തിനുവേണ്ടിയാണ്. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് നേരത്തേ സൂചനകള്‍ വന്നിരുന്നതിനാല്‍ തന്നെ നിത്യജീവിതത്തിന് സഹായകമാകുന്ന തരത്തില്‍ ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍.
കാന്‍സര്‍, വിട്ടുമാറാത്ത അസുഖങ്ങള്‍ എന്നിവയ്ക്കുള്ള 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കിയതാണ് ഏറ്റവും പ്രധാനം. ഈ മരുന്നുകള്‍ക്ക് വില കുറയും. ഇതിനുപുറമേ ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍, തുകല്‍ ഉല്പന്നങ്ങള്‍, ശീതീകരിച്ച മത്സ്യം എന്നിവയ്ക്ക് വില കുറയും.
ഗോബാള്‍ട്ട് പൗഡര്‍ ആന്‍ഡ് വേസ്റ്റ്, ലിഥിയം അയണ്‍ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് തുടങ്ങി 12 പ്രധാനപ്പെട്ട മിനറലുകള്‍ എന്നിവ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ മൊബൈല്‍ ഫോണുകള്‍, ചാര്‍ജര്‍, കാന്‍സര്‍ മരുന്നുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ വലിയ രീതിയില്‍ വെട്ടിക്കുറച്ചിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടെ തീരുവ ആറുശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4ശതമാനമായും കുറച്ചിരുന്നു.