സഞ്ജുവിന്റെ സാധ്യത അടഞ്ഞിട്ടില്ല; ബാറ്റർമാർ മോശം ഫോമിലായാലും പരിക്കേറ്റാലും പകരം ടീമിലെത്തും
അടുത്ത മാസം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയതാണ് ക്രിക്കറ്റ് ലോകത്തിലെ പുതിയ വിവാദം. വിവാദം ബിസിസിഐയിൽ മാത്രമല്ല, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനായ കേരള ക്രിക്കറ്റ് അസോസിയേഷനിലും ചൂടുപിടിച്ചിട്ടുണ്ട്. വിജയ് ഹസാരെ കളിക്കാത്തതാണ് സഞ്ജുവിന്റെ അവസരം നഷ്ടപ്പെടാൻ കാരണമെന്ന് പറയുമ്പോൾ പ്രതിസ്ഥാനത്ത് വരുന്നത് കെസിഎ കൂടിയാണ്.
വിജയ് ഹസാരെ ടീമിൽ നിന്ന് തന്നെ കെസിഎ മാറ്റി നിർത്തിയതാണെന്ന് സഞ്ജു വാദിക്കുമ്പോൾ സഞ്ജു കൃത്യമായ കമ്മ്യൂണിക്കേഷൻ കൈമാറാത്തതാണ് ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള കാരണമെന്ന് കെസിഎ പ്രസിഡന്റും പറയുന്നു. അതിനിടയിൽ സഞ്ജു കെസിഎയ്ക്ക് അയച്ച ഡീറ്റയിൽഡ് മെയിൽ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാൻ സഞ്ജുവിന് ഇനിയും അവസരമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് തന്നെയാണ് ദേശീയ മാധ്യമങ്ങളടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഗംഭീറിന്റെ ചോയ്‌സായിരുന്ന സഞ്ജുവിനെ പൂർണ്ണമായി സെലക്ഷൻ കമ്മറ്റി തള്ളികളഞ്ഞിട്ടില്ലെന്നും മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് പന്തിന് അവസരം നൽകിയതെന്നും റിപ്പോർട്ട് പറയുന്നു. ടീമിന്റെ ബാറ്റര്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക സഞ്ജുവിനെയായിരിക്കുമെന്നും ഇനി പരിക്കേറ്റില്ലെങ്കിൽ പോലും ഏതെങ്കിലും ബാറ്റർമാർ മോശം ഫോമിൽ തുടർന്നാൽ സഞ്ജുവിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ചാമ്പ്യൻസ് ട്രോഫിയിലും പല സാഹചര്യങ്ങളുടെ പേരിൽ പല താരങ്ങളും പരമ്പരയ്ക്കിടെ ജോയിൻ ചെയ്തിരുന്നു. നീണ്ട ടൂർണമെന്റായത് കൊണ്ടുതന്നെ ചാമ്പ്യൻസ് ട്രോഫിയിലും ഇതിന് സാധ്യതകളുണ്ട്.
ബിസിസിഐയുടെ പുതിയ പോളിസി പ്രകാരം താരങ്ങൾ ഫോമിലല്ലെങ്കിൽ കൂടുതൽ മത്സരത്തിൽ വെച്ചുപൊറുപ്പിക്കാനും സാധ്യതയില്ല. ഇതും സഞ്ജുവിന് സാധ്യത കൂടുന്നു. ചില മുൻ താരങ്ങളുടെ പരിപൂർണ്ണ പിന്തുണയും താരത്തിനുണ്ട്. ഈ മാസം അവസാനം വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ സഞ്ജുവിന് കൂടുതൽ അവകാശ വാദം ഉന്നയിക്കാനും ബിസിസിഐ സ്വയം നിർബന്ധിതരാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കാനും കഴിയും.