ട്രെയിനിന്റെ ബോഗിയ്ക്ക് അടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ; ചോദ്യം ചെയ്യലിൽ ഞെട്ടി
ചക്രങ്ങൾക്കിടയിൽ ഒരാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ജീവനക്കാർ ട്രെയിനിന്റെ ലോക്കോ പൊലറ്റിനെ അറിയിക്കുകയായിരുന്നു
ട്രെയിനിൻ്റെ ബോഗിക്കടിയിൽ ഇരുന്ന് യുവാവ് 250 കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചതായി അവകാശവാദം. പതിവ് പരിശോധനയ്ക്കിടെ ഇറ്റാർസി-ജബൽപൂർ ദനാപൂർ എക്‌സ്‌പ്രസിൻ്റെ കോച്ചിന് താഴെ ഒരാളുടെ സാന്നിധ്യം റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ട്രെയിൻ ജബൽപൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ ജീവനക്കാർ കണ്ടത്.
ചക്രങ്ങൾക്കിടയിൽ ഒരാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ജീവനക്കാർ ട്രെയിനിന്റെ ലോക്കോ പൊലറ്റിനെ അറിയിക്കുകയായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ടിക്കറ്റ് എടുക്കാൻ തന്റെ പക്കൽ പണമില്ലെന്നും അതിനാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അപകടകരമായ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നെന്നും ഇയാൾ പറഞ്ഞതായാണ് റിപ്പോർട്ട്. ക്യാരേജ് ആൻഡ് വാഗൺ ഡിപ്പാർട്ട്‌മെൻ്റിലെ ജീവനക്കാർ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.
യുവാവിന്റെ മാനസികനില ശരിയായ രീതിയിലായിരുന്നില്ലെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ( ആർപിഎഫ് ) അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇയാളുടെ പശ്ചാത്തലത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ടിക്കറ്റിന് കാശില്ലാത്തതിനാൽ ട്രെയിനിന്റെ ചക്രങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്ന് യുവാവ് 250 കിലോ മീറ്റർ യാത്ര ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് യുവാവ് ടയറിനിടയിലേക്ക് കയറിയതെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും റെയിൽവേ വ്യക്തമാക്കി. ചക്രങ്ങളുടെ ആക്സിലിന് മുകളിൽ കിടന്ന് യാത്ര സാധ്യമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.