പ്രധാനമന്ത്രി പദത്തിലേക്ക് അപ്രതീക്ഷിത വരവ്;വികസന മാതൃക ഉടലെടുത്ത മൻമോഹൻ യു​ഗം

മൻമോഹൻ യു​ഗം

സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളർച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീർഘദർശിയാണ് വിടവാങ്ങിയ മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. 1990ൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. പാപ്പരത്വത്തിലേക്ക് വീഴുമെന്ന് ഭയന്ന കാലം. കൈപിടിച്ച് നടത്താൻ രാജ്യത്തിന് ഒരു രക്ഷകനെ ആവശ്യമായിരുന്നു. 91ലെ തിരഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാൻ തുടങ്ങിയ നരസിംഹ റാവു ആ രക്ഷകനെ കണ്ടെത്തിയത് മുൻ ആർബിഐ ഗവർണറും സാമ്പത്തിക ഉപദേശകനുമായ ഡോ. മൻമോഹൻ സിങ്ങിലാണ്.(Manmohan era that saw the emergence of all-round development model)

പ്രായോഗികവാദിയായ സാമ്പത്തിക വിദഗ്ധനായിരുന്നു, അതുവരെ രാഷ്ട്രീയത്തിലില്ലാതിരുന്ന മൻ മോഹൻ സിങ്. ധനമന്ത്രിയായി ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റ്, പുതു ഇന്ത്യയുടെ ജാതകമായിരുന്നു. ഉദാരീകരണത്തിലൂന്നിയ സാമ്പത്തിക നയത്തിലൂടെ മൻമോഹൻസിങ് ഇന്ത്യയുടെ സമ്പദ് രംഗത്ത് മാറ്റത്തിന്റെ നാന്ദി കുറിച്ചു. ആഗോളീകരണത്തിലൂടെ, വിശാലതയിലേക്ക് ഇന്ത്യൻ വിപണിയെ തുറന്നുകൊടുത്തു. രാജ്യത്തിന്റെ വ്യവസായ, വാണിജ്യ മേഖലകളെ ചുവപ്പു നാടകളിൽ നിന്ന് മോചിപ്പിച്ചു.