റിങ്കു സിംഗ് വിവാഹിതനാവുന്നു, വധു സമാജ്‌വാദി പാര്‍ട്ടി എം പി
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു.
ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ സരോജ്.
നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്.