ശ്രീലങ്കയുടെ കരാറും അദാനി ഗ്രീൻ എനർജിയുടെ മൂല്യത്തകർച്ചയും
അദാനി ഗ്രീൻ എനർജിയുടെ 400 മില്യൺ ഡോളറിൻ്റെ പദ്ധതി ശ്രീലങ്ക റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇടിഞ്ഞ അദാനി ഗ്രീൻ എനർജി ഓഹരി വില നാളെ തിരിച്ച് കയറുമോയെന്ന് ഉറ്റുനോക്കി ബിസിനസ് ലോകം. കരാർ റദ്ദാക്കിയിട്ടില്ലെന്ന കമ്പനിയുടെ വാദം മുഖവിലക്കെടുക്കുമോ നിക്ഷേപകർ, അല്ല വാർത്ത ശരിവെച്ച് കൂടുതൽ പേർ ഓഹരികൾ വിറ്റഴിക്കുമോയെന്നും ഉറ്റുനോക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകിട്ട് 1021.45 രൂപയിൽ ക്ലോസ് ചെയ്ത ഓഹരി വെള്ളിയാഴ്ച 1039.45 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. തുടക്കത്തിൽ നേട്ടമുണ്ടാക്കിയ ഓഹരി 1065.45 രൂപ എന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. പവർ പർച്ചേസ് ഡീൽ ശ്രീലങ്ക റദ്ദാക്കിയ വാർത്തയെ തുടർന്ന് അദാനി ഗ്രീൻ എനർജി ഓഹരികൾ 1,008 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 6% ഇടിവാണ് വൈകിട്ടായപ്പോഴേക്കും രേഖപ്പെടുത്തിയത്.
വൈദ്യുതി വിതരണ കരാറുകൾ നേടിയെടുക്കാൻ കമ്പനിയിലെ എക്‌സിക്യൂട്ടീവുകൾ കൈക്കൂലി നൽകിയെന്ന യുഎസിൻ്റെ ആരോപണത്തെത്തുടർന്നാണ് അദാനി കമ്പനിയുമായുള്ള കരാർ ശ്രീലങ്കയിലെ ഇടതുപക്ഷ സർക്കാർ റദ്ദാക്കിയതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തെറ്റാണെന്ന വാദവുമായി അദാനി ഗ്രൂപ്പ് രംഗത്ത് വന്നു.
2024 മെയ് മാസത്തിൽ അംഗീകരിച്ച താരിഫ് പുനഃപരിശോധിക്കാൻ 2025 ജനുവരി 2 ന് ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചതിനെയാണ് കരാർ റദ്ദാക്കിയെന്ന് വ്യാഖ്യാനിച്ചതെന്നും കരാർ റദ്ദാക്കിയിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. എന്നാൽ അപ്പോഴേക്കും ഓഹരി വില താഴേക്ക് പോയിരുന്നു. അടിക്കടി വിവാദങ്ങളിൽ കുടുങ്ങുന്നത് അദാനി ഗ്രൂപ്പിനെ വൻ വീഴ്ചകളിലേക്കാണ് പലപ്പോഴും തള്ളിവിട്ടിട്ടുള്ളത്. ഓഹരി വിപണി നാളെ വീണ്ടും പ്രവർത്തനം തുടങ്ങുമ്പോൾ കമ്പനിയുടെ വാദം നിക്ഷേപകർ ശരിവെക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.