ഒറ്റ വിസയിൽ 6 ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാം; 2024ൽ ഗൾഫിലെ പ്രധാന വിസാ ഭേദഗതികളും പ്രഖ്യാപനങ്ങളും അറിയാം

ഒറ്റ വിസയിൽ 6 ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാം; 2024ൽ ഗൾഫിലെ പ്രധാന വിസാ ഭേദഗതികളും പ്രഖ്യാപനങ്ങളും അറിയാം

വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സ്വദേശിവത്കരണത്തിന്‍റെ ഭാഗമായും ഈ വര്‍ഷം ഗള്‍ഫ് നാടുകളില്‍ പ്രഖ്യാപിച്ച ചില സുപ്രധാന വിസ നിയമങ്ങളും ഭേദഗതികളും അറിയാം.

ഗൾഫ് ഗ്രാൻഡ് ടൂർസ് വിസ

യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയിൽ ഒറ്റ വിസയിൽ ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ അവിടെ താമസിക്കാനും അനുവദിക്കുന്നതാണ് ഗ്രാൻഡ് ടൂർസ് വിസ. യുഎഇ, ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും അനായാസം യാത്ര ചെയ്യാൻ അനുവാദം നൽകുന്ന വിസയാണ് ജിസിസി ഗ്രാൻഡ് ടൂർസ് വിസ. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ സന്ദര്‍ശിക്കാമെന്നതാണ് ഈ വിസയുടെ മുഖ്യ ആകര്‍ഷണം. 2023ല്‍ തന്നെ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2024 അവസാനത്തോടെ ഈ ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗ്രാന്‍ഡ് ടൂര്‍സ് വിസ മികച്ച സംഭാവനകള്‍ നല്‍കുമെന്നത് തീര്‍ച്ചയാണ്.

യുഎഇ സന്ദര്‍ശക വിസ

യുഎഇയിൽ സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതാണ് മറ്റൊരു പ്രധാന തീരുമാനം. സന്ദര്‍ശക വിസക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. താമസ രേഖയും ഒപ്പം നൽകണം. ഹോട്ടലിലാണ് താമസമെങ്കില്‍ ഹോട്ടല്‍ ബുക്കിങ് രേഖയും ബന്ധുവീടുകളിലാണെങ്കില്‍ അവിടുത്തെ വിലാസം തെളിയിക്കുന്ന രേഖയും കൈവശമുണ്ടാകണം. ആവശ്യമായ പണം കയ്യിലുണ്ടെന്ന രേഖയും കാണിക്കണം. മുമ്പ് യാത്രക്കാര്‍ക്ക് താമസ രേഖ, മടക്കയാത്ര ടിക്കറ്റ്, 3,000 ദിര്‍ഹത്തിന് തുല്യമായ കറന്‍സി എന്നിവ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങിന് മുമ്പ് കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് പ്രകാരം ഈ രേഖകള്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടെന്ന് തെളിയിക്കണം.വിസിറ്റ് വിസയുടെ ദുരുപയോഗം തടയാനാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നൽകിയിരിക്കുന്നത്. വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ താമസസ്ഥലത്തെ രേഖ, മടക്കയാത്ര ടിക്കറ്റ്, ബാങ്ക് സ്‌റ്റേറ്റ്‌മെൻ്റ് എന്നിവ സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്ത് കൊടുക്കണം.

ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള താത്കാലിക തൊഴിൽ വിസ

ഹജ്ജ്, ഉംറ സേവനങ്ങൾക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താൽക്കാലിക തൊഴിൽ വിസകൾ, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത്. താത്കാലിക വിസയുടെ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചതാണ് പ്രധാന ഭേദഗതി. ആ കാലാവധി കഴിഞ്ഞാൽ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും പുതിയ വ്യവസ്ഥപ്രകാരം അനുമതിയുണ്ട്. ഈ താൽക്കാലിക തൊഴിൽ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് പരമാവധി ആറ് മാസം വരെ തങ്ങി ജോലി ചെയ്യാം. നിലവിലെ ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള സീസണൽ വർക്ക് വിസ എന്നതിന് പകരം ‘താൽക്കാലിക തൊഴിൽ വിസ’ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 

കുവൈത്തിൽ 60 കഴിഞ്ഞ വിദേശികളുടെ വിസ പുതുക്കൽ

ഈ വര്‍ഷം കുവൈത്തിൽ പ്രഖ്യാപിച്ച പ്രധാന വിസ നിയമ ഭേദഗതികളില്‍ ഒന്നാണ് 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണം. 60 വയസ്സ് കഴിഞ്ഞ പ്രവാസി തൊഴിലാളികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമോ അതില്‍ താഴെയോ ആണ് യോഗ്യതയെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി റെസിഡന്‍സി പുതുക്കുന്ന തീരുമാനം 2021 ജനുവരിയില്‍ നടപ്പിലാക്കിയിരുന്നു. നിയന്ത്രണം അനുസരിച്ച് പ്രവാസികള്‍ക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വിദേശ തൊഴിലാളികള്‍ക്ക് വരുത്തിയത്. ഈ നിയന്ത്രണം ഈ ഡിസംബര്‍ മാസത്തില്‍ പിന്‍വലിച്ചതായി അറിയിച്ചു. പുതിയ തീരുമാനം പ്രകാരം 60 വയസ്സ് കഴിഞ്ഞ പ്രവാസി തൊഴിലാളികള്‍ക്ക് അധിക ഫീസ് നല്‍കാതെ തന്നെ അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനോ മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറാനോ സാധിക്കും. പഴയ ഉത്തരവ് പിന്‍വലിച്ചത് പ്രവാസി തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി.

യുഎഇ ഓണ്‍ അറൈവല്‍ വിസ

കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. പുതിയ തീരുമാനം അനുസരിച്ച് യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വിസ നൽകും. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വിസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

ഒമാനിലെ വിസ വിലക്ക്

ഒമാനിൽ നിശ്ചിത തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. 13 തൊഴിൽ മേഖലകളിലായി ആറ് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ലോഡിങ് തൊഴിലാളി, ഇലക്ട്രീഷ്യൻ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്സർ, വെയിറ്റർമാർ, പെയിന്‍റർ, പാചകക്കാർ, ബാർബർമാർ, തുന്നൽ വിദഗ്ധർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിരോധനമേർപ്പെടുത്തിയത്. സെപ്റ്റംബർ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിലായത്.

ബഹ്റൈനിലെ വിസാ മാറ്റങ്ങൾ

ബഹ്റൈനിൽ സ്പോ​ൺ​സ​റി​ല്ലാ​തെ സന്ദര്‍ശക വി​സ​ക​ൾ വ​ർ​ക്കി​ങ് വി​സ​യി​ലേ​ക്കോ ആ​ശ്രി​ത വി​സ​ക​ളി​ലേ​ക്കോ മാ​റ്റു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​. വി​സി​റ്റ് വി​സ​ക​ൾ വ​ർ​ക്കി​ങ്, ആ​ശ്രി​ത വി​സ​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നാണിത്.