ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത

ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. ബോബിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം കയ്യിലുണ്ട് എന്നും മൊബൈൽ ഫോൺ അടക്കം കോടതിയിൽ ഹാജരാക്കുമെന്നും എസിപി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല. ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും എസിപി കൂട്ടിച്ചേർത്തു.

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്ക് ഹണി റോസ് ഒരുങ്ങുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പൊലീസിന് ഉടൻ കൈമാറും.

അതേസമയം, ലൈംഗികാധിക്ഷേപ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.