വഖഫ് ജെപിസി റിപ്പോര്‍ട്ട് നാളെ ലോക്‌സഭയില്‍

വഖഫ് ജെപിസി റിപ്പോര്‍ട്ട് നാളെ ലോക്‌സഭയില്‍

വഖഫ് ജെപിസി റിപ്പോര്‍ട്ട് നാളെ ലോക്‌സഭയില്‍. സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ ജഗതാംബിക പാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വഖഫ് നിയമ ഭേദഗതി നിയമത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ച റിപ്പോര്‍ട്ട് ആണ് ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കുക. ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളും ജെപിസി അധ്യക്ഷന്‍ ജഗതാംബിക പാലും ചേര്‍ന്നാകും റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. പാര്‍ലമെന്ററി സംയുക്ത സമിതിയുടെ രേഖകളും മേശപ്പുറത്ത് വയ്ക്കും. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സ്പീക്കര്‍ ഓം ബിര്‍ളക്ക് സമര്‍പ്പിച്ചിരുന്നു. തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിന് എതിരെ നാളെ പാര്‍ലമെന്റില്‍ എംപിമാരുടെ പ്രതിഷേധം ഉണ്ടാകും. കേരളത്തില്‍ നിന്നുള്ള ഇടത് -കോണ്‍ഗ്രസ് അംഗങ്ങള്‍ സംയുക്തമാകയാകും പ്രതിഷേധം സംഘടിപ്പിക്കുക. പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാനും, സഭ സമ്മേളിക്കുമ്പോള്‍ ഇരു സഭകളിലും വിഷയം ഉയര്‍ത്താനുമാണ് തീരുമാനം.