മഹാകുംഭമേളയിലെ അപകടത്തില്‍ മരണം സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി

മഹാകുംഭമേളയിലെ അപകടത്തില്‍ മരണം സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി

ഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു.

അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.

അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. തിക്കിലും തിരിക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

അതേസമയം, ബാരിക്കേഡ് മറികടക്കാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു. കുംഭമേളയില്‍ പങ്കെടുക്കന്ന ഭക്തര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും അദ്ദേഹം പറഞ്ഞു.