മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രത്തിനെതിരെ കെ.സി വേണുഗോപാൽ
സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ. മൻമോഹൻ സിംഗിന്റെ അന്തിമ ചടങ്ങുകൾ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. മൻമോഹൻ സിംഗിന് അനുസൃതമായ രീതിയിൽ ചടങ്ങ് നടത്താൻ പറ്റിയ സ്ഥലം അനുവദിച്ചില്ല. സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണുഗോപാൽ വിമർശിച്ചു. 2013ൽ മൻമോഹൻ സിംഗ് സർക്കാർ നിലപാടെടുത്തതിന് ശേഷമാണ് വാജ്പേയിക്ക് സ്ഥലം അനുവദിച്ചത്. സംസ്കാരം നടത്തുന്നതും സ്മാരകം പണിയാൻ നൽകുന്നതും ഒരേ സ്ഥലം ആയിരിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, പെരിയ കേസിൽ പാർട്ടി ഉന്നതരായ നേതാക്കളാണ് ശിക്ഷിക്കപ്പെട്ടതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഇത്തരം മൃഗീയമായി പെരുമാറാൻ സിപിഎമ്മിന് മാത്രമേ സാധിക്കൂ. വെട്ടിക്കൊലപ്പെടുത്തി എന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്. അന്ന് മുതൽ പ്രതികളെ രക്ഷിക്കാൻ എല്ലാം ചെയ്തു. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കി. മാന്യത ഉണ്ടെങ്കിൽ പാർട്ടി ഈ നടത്തിയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രതികളെ രക്ഷപ്പെടാൻ കോൺഗ്രസ് കാരണമായി എന്ന കെ സുരേന്ദ്രന്റെ ആരോപണം ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.