വിതുരയില്‍ ഗുളികയ്ക്കുള്ളില്‍ സൂചി ഇരുന്ന ലക്ഷണമില്ലെന്നാണ് കണ്ടെത്തല്‍
വിതുരയില്‍ ഗുളികയില്‍ നിന്ന് മൊട്ടുസൂചി കിട്ടിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. ഗുളിക വിശദമായി പരിശോധിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഈ നിഗമനത്തില്‍ എത്തിയത്. ഗുളികയ്ക്കുള്ളില്‍ സൂചി ഇരുന്ന ലക്ഷണമില്ലെന്നാണ് കണ്ടെത്തല്‍.
ഗുളിക കളിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സറേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ ബാച്ചിലെ മറ്റ് ഗുളികകള്‍ക്കും പ്രശ്‌നമില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി.
മേമല ഉരുളുരുന്ന് സ്വദേശിനി വസന്തയാണ് ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി കണ്ടെത്തിയെന്നായിരുന്നു വസന്തയുടെ ആരോപണം. ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടെത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.