എമ്പുരാൻ ആവേശത്തില്‍ മമ്മൂട്ടിയും, ഒപ്പം മറ്റ് താരങ്ങളും
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. 2019ൽ റിലീസ് ചെയ്ത് വൻ വിജയമായി മാറിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുതന്നെയാണ് ഈ കാത്തരിപ്പും. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച എമ്പുരാന്റെ ടീസർ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തി.
കൊച്ചിയിൽ വച്ച് നടന്ന ടീസർ ലോഞ്ചിൽ എമ്പുരാന്റെ അണിയറയിലും മുൻനിരയിലും പ്രവർത്തിച്ചവരും എത്തിയിരുന്നു. കൂടാതെ സംവിധായകരായ സത്യൻ അന്തിക്കാട്, ജോഷി, റോഷൻ ആൻഡ്രൂസ്, ഷാജി കൈലാസ് തുടങ്ങി സംവിധായകരും സന്നിഹിതരായി. വൻ ദൃശ്യവിരുന്നൊരുക്കുന്നതാകും എമ്പുരാൻ എന്നാണ് ടീസർ നൽകുന്ന സൂചന. ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാൻ ടീസർ ഉറപ്പ് നൽകുന്നുണ്ട്
മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി ആയിരുന്നു എമ്പുരാൻ ടീസർ ലോഞ്ച് ചെയ്തത്. "രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് അതിൽ ഭാഗമാകാൻ സാധിക്കട്ടെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കുക", എന്നാണ് മമ്മൂട്ടി പറഞ്ഞത്.
"എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് പ്രിയദർശിനിയാണ്. അതിൽ പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകന് ഒപ്പം മുരളി ഗോപി എന്ന എഴുത്തുകാരനൊപ്പം ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിനൊപ്പം ഇവർക്കെല്ലാം പുറമെ നാമെല്ലാം ആരാധിക്കുന്ന ബഹുമാനപ്പെട്ട ലാലേട്ടനൊപ്പം പ്രവർത്തിക്കാനായി. ലാലേട്ടന്റെ എല്ലാ സിനിമകളിലും എനിക്ക് കിട്ടാറുള്ള വളരെ ശക്തമായ കഥാപാത്രം ചെയ്യാനുള്ള അവസരം കൂടിയായിരുന്നു ഇത്. ആ യാത്ര തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഞാൻ", എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
'ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കയ്യടി കിട്ടുമെന്ന് പറഞ്ഞിരുന്നു പൃഥ്വിരാജ്. അത് പിന്നീട് സത്യമായി. ഇപ്പോഴും എവിടെയെങ്കിലും പോയാലും ലൂസിഫർ ഡയലോഗ് എന്നെ കൊണ്ട് പറയിപ്പിക്കും. വലിയൊരു ഇംപാക്ട് ആണത്. എന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം കൂടിയാണത്. എമ്പുരാനിൽ ലാലേട്ടന്റെ കൂടെ കോമ്പിനേഷൻ സീനുണ്ട്. അത് സ്പെഷ്യലാണ്', എന്നാണ് ടൊവിനോ പറഞ്ഞത്.
ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാൻ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും. കേരളത്തിലും വിദേശ രാജ്യങ്ങളിലും ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.