​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം; ‘എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’

പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്.

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്. റഷയെന്ന പെൺകുട്ടിയുടെ വിൽപത്രമാണ് നൊമ്പരമായിരിക്കുന്നത്. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷയുടെ വിൽപ്പത്രത്തിൽ പറയുന്നു.

“ഞാൻ മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം. എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം അഹമ്മദിനും റഹാരിനുമായി നൽകണം. എന്റെ സഹോദരൻ അഹമ്മദിനോട് ദേഷ്യപ്പെടരുത്…അവനൊരു പാവമാണ്” റഷയെന്ന പത്തുവയസുകാരി എഴുതിവച്ച മരണപത്രം ഇങ്ങനെയാണ്.

എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ, ഇനി ജീവിതമില്ലെന്ന തിരിച്ചറിവിൽ കുട്ടികൾക്ക് മരണപത്രമെഴുതി വെയ്ക്കേണ്ട ഗതികേടിന്റെ ഭൂമികയാണിന്ന് ഗസ്സ. തന്റെ കഥാപുസ്തകങ്ങളും നോട്ടുബുക്കുകളും സഹോദരൻ അഹമ്മദിന് നൽകണമെന്ന് റാഷ എഴുതിവെച്ചു. പക്ഷേ, പതിനൊന്നുകാരനായ സഹോദരനും അവൾക്കൊപ്പം മരിച്ചുവീണു. മുഖം തകർന്ന നിലയിലായിരുന്നു ഇരുവരേയും കണ്ടെത്തിയത്. ഒരേ ഖബറിൽ റാഷയേയും അഹമ്മദിനേയും അടക്കം ചെയ്തു.

സെപ്റ്റംബർ 30-ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റഷയും സഹോദരൻ അഹമ്മദും കൊല്ലപ്പെട്ടത്. വീടിന് നേരെയുണ്ടായ ആക്രമണത്തിലും ഇരുവരും കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 16,700-ലധികം കുട്ടികളെ കൊല്ലപ്പെട്ടു. കുറഞ്ഞത് 17,000 കുട്ടികൾക്കെങ്കിലും മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.