വിഴിഞ്ഞം മറയാക്കിസാമ്പത്തിക തട്ടിപ്പ്; വള്ളങ്ങൾ വാടകക്കെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ തുക നൽകി
വിഴിഞ്ഞം മറയാക്കി വൻ സാമ്പത്തിക തട്ടിപ്പ്
വിഴിഞ്ഞം മറയാക്കി വൻ സാമ്പത്തിക തട്ടിപ്പ്. കപ്പൽ ചാലിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വള്ളം സജ്ജീകരിച്ചതിലാണ് ക്രമക്കേട്. വഞ്ചിക്കപ്പെട്ടത് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. 20 വള്ളങ്ങളുടെ വാടകയിനത്തിൽ 16,80,000 രൂപ അദാനി പോർട്ട് നൽകി. വള്ളം നൽകിയ മീൻപിടുത്തക്കാർക്ക് 6,500 രൂപ മുതൽ 8,000 രൂപ വരെ നൽകിയശേഷം പണം തട്ടി എന്നാണ് കണ്ടെത്തൽ. മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തിയപ്പോൾ കപ്പൽ ചാലിൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വള്ളം സജ്ജീകരിച്ചതിലാണ് ക്രമക്കേട്. കപ്പൽച്ചാലിലെ വള്ളങ്ങളെ ഒഴിവാക്കുന്നതിന് 20 വള്ളങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു. കുറഞ്ഞ തുക നൽകിയശേഷം തുക രേഖപ്പെടുത്താതെ വിരലടയാളം പതിപ്പിച്ച വൗച്ചറുകൾ വാങ്ങിയെന്ന് കണ്ടെത്തൽ. മറൈൻ എൻഫോഴ്സ്മെന്റ് വിഗ് ചീഫ് ഗാർഡ് അജിത് കുമാർ വി ജിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടത്തിയത്.
ലോ ആൻ്റ് ഓഡർ ചുമതലയില്ലാത്ത അജിത് കുമാർ വി ജി ചട്ടം ലംഘിച്ച വള്ളം തരപ്പെടുത്തിയതിന്റെയും ക്രമക്കേട് നടത്തിയതിന്റെയും രേഖകൾ പുറത്ത് വന്നു. വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ ഗിരീഷ് കുമാർ എസ്, ഗ്രേഡ് എ എസ് ഐ വേണു, സിപിഒ ബിജു എന്നിവർക്കാണ് പണം കൈമാറിയത്. പണം ലഭിക്കാതെ ആയതോടെയാണ് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിന് പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.