അല്ലുവിന് പുലിവാല്‍ ആകുമോ പുതിയ പാട്ട്, ഡിലീറ്റാക്കിയത് വീണ്ടും വന്നു

പുഷ്പ 2 ലെ 'ദമ്മുണ്ടെ പാട്ടുകോര' എന്ന ഗാനം വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ ഒരു ദിവസത്തിന് ശേഷം ഗാനം വീണ്ടും യൂട്യൂബിൽ റിലീസ് ചെയ്തു.

 സുകുമാര്‍ സംവിധാനം നിര്‍വഹിച്ച അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച പുഷ്പ 2: ദി റൂൾ റിലീസ് ചെയ്തതു മുതൽ ബോക്സോഫീസിലും വാര്‍ത്തകളിലും നിറ‌ഞ്ഞു നില്‍ക്കുകയാണ്. അടുത്തിടെ ചിത്രത്തിന്‍റെ 'ദമ്മുണ്ടെ പാട്ടുകോര' എന്ന ചിത്രത്തിലെ ഗാനം പുറത്തിറക്കിയിരുന്നു. 

അല്ലു അർജുന്‍റെ കഥാപാത്രമായ പുഷ്പ രാജും ഫഹദിന്‍റെ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു റീമിക്സ് ഗാനമായിരുന്നു ഇത്. എന്നാല്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഗാനം പിന്‍വലിച്ചു ചിത്രത്തിന്‍റെ അണിയറക്കാര്‍, എന്നാല്‍ ഒരു ദിവസത്തിന് ശേഷം ഗാനം തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. 

ചിത്രത്തിലെ ഒരു രംഗത്തില്‍ അല്ലു അർജുന്‍റെ പുഷ്പ ഫഹദിന്‍റെ കഥാപാത്രത്തെ പരിഹസിക്കുന്നുണ്ട്  "ധൈര്യമുണ്ടെങ്കിൽ എന്നെ പിടിക്കൂ, നിങ്ങൾ വിജയിച്ചാൽ ഞാൻ സിൻഡിക്കേറ്റ് വിടാം” എന്ന്, ഇതിന്‍റെ തെലുങ്ക് ലൈനാണ് റീമിക്സ് ചെയ്ത് ഇറക്കിയിരിക്കുന്നത്. 

എന്നാല്‍ ഈ ഗാനം റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ടി-സീരീസ് യുട്യൂബിൽ നിന്ന് വിശദീകരണമില്ലാതെ ഗാനം നീക്കം ചെയ്തിരുന്നു. അപ്പോഴേക്കും ഗാനം ഇപ്പോൾ റിലീസ് ചെയ്യുന്നത് പ്രശ്നമാകില്ലെ എന്ന ചര്‍ച്ച വന്നിരുന്നു. പ്രത്യേകിച്ച് നടന്‍ അല്ലു അര്‍ജുന്‍ പുഷ്പ പ്രീമിയറില്‍ യുവതിയുടെ മരണം സംഭവിച്ച കേസില്‍ നിയമ കുരുക്കില്‍ ആയതിനാല്‍. അതിനാലാണ് ഗാനം പിന്‍വലിച്ചത് എന്ന് അഭ്യൂഹം ഉയര്‍ന്നു. അതിന് പിന്നാലെയാണ് ശനിയാഴ്ച വീണ്ടും ഗാനം യൂട്യൂബില്‍ എത്തിയത്. 

എന്തായാലും സന്ധ്യ തീയറ്ററില്‍ ജനുവരി 4ന് യുവതി മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്. കേസില്‍ ഇപ്പോള്‍ കോടതി നടപടികള്‍ പുരോഗമിക്കവെയാണ് പൊലീസിനെ വെല്ലുവിളിക്കുന്നത് എന്ന് തോന്നുന്ന ഗാനം ഇറങ്ങിയത്. അതേ സമയം അല്ലു അര്‍ജുന്‍റെ ജാമ്യം റദ്ദാക്കാന്‍ തെലങ്കാന പൊലീസ് സുപ്രീംകോടതിയെ സമീപിക്കും എന്ന് വാര്‍ത്തകളുണ്ട്.