'വന്നതും പോയതുമറിഞ്ഞില്ല, ഒരു മിന്നായം പോലെ കണ്ടു'

രോഹിത് ഇനിയും ടീമിനൊപ്പം തുടരരുതെന്ന് സോഷ്യല്‍ മീഡിയ

 രോഹിത് ശര്‍മയുടെ കഷ്ടകാലം തുടരുകയാണ്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സിനാണ് രോഹിത് പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സ്‌കോട്ട് ബോളണ്ടിന് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ഇന്നിംഗ്‌സില്‍ ഇതുവരെ 22 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. രോഹിത് ഓപ്പണിംഗ് റോളിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു മെല്‍ബണിലേത്. തന്റെ ഇഷ്ട് പൊസിഷനില്‍ കളിച്ചിട്ടും രോഹിത് റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടു.

മെല്‍ബണ്‍ ടെസ്റ്റിന് മുമ്പ് അവസാനം കളിച്ച 13 ഇന്നിംഗ്‌സുകളില്‍ 11.83 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരുതവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. 13 ഇന്നിംഗ്‌സുകളില്‍ 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ തിളങ്ങിയതോടെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും ആറാം നമ്പറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.

ഈ പ്രകടനവുമായി ഇനിയും ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും എത്രയും വേഗം വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് രോഹിത് ചെയ്യേണ്ടതെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ചിലര്‍ താരത്തെ ജസ്പ്രിത് ബുമ്രയോട് താരതമ്യം ചെയ്യുന്നുണ്ട്. ബുമ്ര ഇതുവരെ 25 വിക്കറ്റ് വീഴ്ത്തിയെന്നും അത്രപോലും റണ്‍സെടുക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് ചിന്തിക്കുന്നവരും ഏറെ. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിക്കാം.