എസിവൈഡബ്ള്യു–135 വാക്സിൻ ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർക്ക് നിർബന്ധം;കുവൈറ്റ്

എസിവൈഡബ്ള്യു–135 വാക്സിൻ ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർക്ക് നിർബന്ധം;കുവൈറ്റ്

കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സീൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണ് പുതിയ നീക്കം. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപു തന്നെ വാക്സിൻ എടുത്തിരിക്കണം എന്നും കർശനനിയമമുണ്ട്. വാക്സിൻ എടുത്ത് 10 മുതൽ 15 ദിവസത്തിനുള്ളിൽ ബാക്ടീരിയയ്ക്ക് എതിരെ ശരീരം പ്രതിരോധ ശേഷി കൈവരിക്കും. ഒരു വയസ് മുതൽ പ്രായമുള്ള എല്ലാ കുട്ടികളും നിർബന്ധമായും എസിവൈഡബ്ള്യു–135 വാക്സിൻ എടുക്കണമെന്നാണ് നിബന്ധന.

ഉംറ നിർവഹിക്കാൻ പോകുന്നവർ മാത്രമല്ല സൗദിയിൽ പ്രവാചകപള്ളി സന്ദർശിക്കാൻ പോകുന്നവരും വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.തീർഥാടനത്തിന് പോകുന്നവർ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് വർഷത്തെ കാലാവധിയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് നൽകുന്നത്. കുവൈത്തിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും യാത്രാ ക്ലിനിക്കുകളിലും വാക്സിൻ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.വാക്സീന് പാർശ്വഫലങ്ങൾ കുറവാണെങ്കിലും ചിലരിൽ വാക്സിൻ എടുക്കുന്ന സമയത്ത് ചെറിയ ചുവന്ന നിറം പ്രത്യക്ഷപ്പെട്ടേക്കാം. നേരിയ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.