ഗ്രീഷ്മയ്ക്ക് വധശിക്ഷ
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ശിക്ഷാവിധി കേള്‍ക്കാൻ കോടതിയിലെത്തിയ ഷാരോണിന്‍റെ മാതാപിതാക്കളെയും സഹോദരനെയും ജഡ്ജിയാണ് കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്.
ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്ന് കേസിലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല.
വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ജ്യൂസില്‍ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതിനാലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. എന്തോ പിശക് ഉണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അഗാതമായ പ്രണമായിരുന്നു ഷാരോണിന്. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു. വാവേ എന്നാണ് വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
ഷാരോൺ ഗ്രീഷ്മയെ സംഭവ ദിവസം മർദ്ദിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്നും വിധി പ്രസ്താവത്തില്‍ പരാമർശിച്ചിരുന്നു. പ്രതിഭാഗം തള്ളുന്ന പ്രസ്താവമാണിത്. പിടിക്കപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഗ്രീഷ്മ കൗശലം ഇറക്കി. പല കള്ളങ്ങള്‍ പറഞ്ഞു. കൊലപാതക പ്ലാന്‍ ഷാരോണിന് അറിയില്ലായിരുന്നു. സ്‌നേഹിക്കുന്ന ഒരാളെ ചതിച്ചു. സമൂഹത്തിന് ഇത് നല്‍കുന്നത് മികച്ച സന്ദേശമല്ല. ഇര നിഷ്കളങ്കനാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നുണ്ട്.
പ്രതിയുടെ കുടുംബത്തെ കാണണെന്നും കോടതി ആവശ്യപ്പെട്ടു. അവര്‍ കോടതിയിലുണ്ട്. കുറ്റകൃത്യത്തിന് സ്‌നേഹം നടിച്ചു. നിരന്തരം സന്ദേശം അയച്ചു. ഇനിയും ഇങ്ങനെ ചെയ്യില്ലെന്ന് കോടതിക്ക് ഉറപ്പില്ല. അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ആത്മഹത്യ ചെയ്യാനാണ് നെറ്റിൽ സെർച്ച് ചെയ്തതെന്ന പ്രതിഭാഗം വാദവും നിൽനില്‍ക്കില്ല. സ്ലോ പോയിസനിംഗിലൂടെ കൊല്ലുകയായിരുന്നു ലക്ഷ്യം. ആസൂത്രിക കൊലപാതകം.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പറയാൻ ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ പറഞ്ഞതോടെ ഗ്രീഷ്മയെ ജഡ്ജ് അടുത്തേയ്ക്ക് വിളിക്കുകയായിരുന്നു. ഗ്രീഷ്മ ആവശ്യങ്ങൾ എഴുതി നൽകി. ഇതിന് പിന്നാലെ ഗ്രീഷ്മ എഴുതി നൽകിയ കാര്യങ്ങൾ പരിശോധിച്ചു. പിന്നാലെ ജഡ്ജി ഗ്രീഷ്മയോട് കാര്യങ്ങൾ നേരിട്ട് ചേദിച്ചറിഞ്ഞു. കൂടുതൽ കാര്യങ്ങൾ ഗ്രീഷ്മ വിശദീകരിച്ചു. തുടർന്ന് പഠിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകൾ ജഡ്ജിയെ കാണിച്ചു. തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്ന് ഗ്രീഷ്മ അറിയിച്ചു. 24 വയസ് വയസ് മാത്രമാണ് പ്രായമെന്നും പരമാവധി ഇളവ് നൽകണമെന്നും ഗ്രീഷ്മ അപേക്ഷിച്ചു.