ഇനി ജിഎസ്ടി കൂടിയ ‘അൽ’പഴംപൊരി

ഇനി ജിഎസ്ടി കൂടിയ ‘അൽ’പഴംപൊരി

വൈകുന്നേരം ഒരു ചായയും കടിയും കഴിക്കാത്ത മലയാളികൾ ഇല്ല. എന്നാൽ ഇനി പ്രിയപ്പെട്ട പലഹാരങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കണം, ചിലരൊക്കെ ഇനി പഴയ ആൾക്കാർ അല്ല എന്നാണ് പുതിയ വാർത്തകൾ. പറഞ്ഞുവരുന്നത് നികുതികുരുക്കിൽ അകപ്പെട്ടുപോയ നമ്മുടെ ഇഷ്ട പലഹാരങ്ങളായ പഴംപൊരിയെയും ,ഉണ്ണിയപ്പത്തെയും പറ്റിയാണ്.

പഴപൊരിക്ക് ഇനിമുതൽ 18 ശതമാനവും ,ഉണ്ണിയപ്പത്തിന് 5 ശതമാനവും ജിഎസ്ടി നൽകണം.കേരള ബേക്കേഴ്‌സ് അസോസിയേഷൻ പറയുന്നതനുസരിച്ച് നികുതി ഘടനയില്‍ ‘പഴംപൊരി’, ‘വട’, ‘അട’, ‘കൊഴുക്കട്ട’ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നൽകുന്നത് .ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ (HSN) എന്ന കോഡ് ഉപയോഗിച്ചാണ് നികുതി നിശ്ചയിക്കുന്നത്.

പാർട്‌സ് ഒഫ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സ് എന്ന വിഭാഗത്തിന് കീഴിൽ വരുന്ന പഴപൊരിയ്ക്ക് കടലമാവ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിനെ ഉയർന്ന നികുതി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ചെറിയ നികുതി ഇനത്തിലാണ് ഉൾപെടുത്തിയിട്ടുള്ളതെങ്കിലും അവയിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് നികുതിയിൽ മാറ്റം വരുന്നത്.

ഓരോ സാധനങ്ങൾക്കും HSN കോഡ് ഉണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് നികുതി തീരുമാനിക്കുന്നത്. ആഗോളതലത്തിൽ വേൾഡ് കസ്റ്റംസ് ഓർഗനൈസഷൻ HSN കോഡുകൾ നിർണയിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങൾക്ക് അവരുടേതായ നികുതി നിരക്കുകൾ തീരുമാനിക്കാവുന്നതാണ്.ഇന്ത്യയിൽ ഈ നിരക്കുകൾ തീരുമാനിക്കുന്നത് ജിഎസ്ടി കൗൺസിലാണ്.

പരിപ്പുവട, ഉഴുന്നുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്‌ലറ്റ്, ബര്‍ഗര്‍, പപ്‌സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ബേക്കറികള്‍ നികുതി ഈടാക്കുന്നത്. കൂടാതെ ചിപ്‌സ്, പക്കാവട, അച്ചപ്പം, മിക്‌സ്ചര്‍, ശര്‍ക്കര ഉപ്പേരി, ഉരുളക്കിഴങ്ങ് -കപ്പ ചിപ്‌സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനവുമാണ് ജിഎസ്ടി.