സാമ്പത്തികതട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിൽ, ദേവസ്വം വകുപ്പിൽ ജോലി വാ​ഗ്ദാനം; തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ

സാമ്പത്തികതട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിൽ, ദേവസ്വം വകുപ്പിൽ ജോലി വാ​ഗ്ദാനം; തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പത്ത് പരാതികളാണ് ശ്രീതുവിന് എതിരെ ലഭിച്ചത്.ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ പരാതിക്കാരൻ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.മറ്റു പരാതികൾ പരിശോധിച്ച് വരികയാണെന്ന് എസ് പി സുദർശൻ പറഞ്ഞു.നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു.BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ശ്രീതുവിനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രിയും ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേ സമയം രണ്ടു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.