വിപണിയില്‍ ഇന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതിഫലിച്ചു; ഇത്തവണ അദാനിക്ക് വന്‍ നേട്ടം

വിപണിയില്‍ ഇന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതിഫലിച്ചു; ഇത്തവണ അദാനിക്ക് വന്‍ നേട്ടം
sharethis sharing button

ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ കുതിപ്പ്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് അദാനി കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ 5.5% വീതവും അദാനി പോര്‍ട്സ് & SEZ, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 4% വീതവും ഉയര്‍ന്നു. അംബുജ സിമന്റ്, എസിസി, എന്‍ഡിടിവി എന്നിവയുടെ ഓഹരി മൂല്യവും ഇന്നുയര്‍ന്നിട്ടുണ്ട്.

2023 ജനുവരിയിലാണ് അദാനി എന്റര്‍പ്രൈസസിനെതിരെ രൂക്ഷവിമര്‍ശനമുള്ള റിപ്പോര്‍ട്ട് ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിട്ടത്. വിദേശത്ത് കടലാസ് കമ്പനികള്‍ രൂപീകരിച്ച്, അവ മുഖേന സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു ആരോപണം. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നിരുന്നു. 2024 ഓഗസ്റ്റില്‍ അദാനിക്കെതിരെ കൂടുതല്‍ ഗുരുതരമായ നആരോപണങ്ങളുമായി ഹിന്‍ഡന്‍ബെര്‍ഗ് വീണ്ടുമെത്തി.സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനേയും അവര്‍ ലക്ഷ്യം വച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഉപയോഗിച്ച് മാധബി ബുച്ച് ലാഭമുണ്ടാക്കിയെന്നായിരുന്നു ആരോപണം.ഈ ആരോപണങ്ങക്ക് പിന്നാലെ ആണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുകയാണെന്ന പ്രഖ്യാപനം വന്നത്.