ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ
ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ. അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു. രാവിലെ ആറു മണിക്കാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്.
അമ്മ നിലവിൽ കസ്റ്റഡിയിൽ തുടരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. അമ്മൂമ്മയെയും അച്ഛനെയും വിട്ടയച്ചു. ആവശ്യമെങ്കിൽ വിളിച്ചു വരുത്തും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണെന്ന് ഡിവൈഎസ്പി എസ്. ഷാജി വ്യക്തമാക്കി. ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ ജീവനോടെ കിണറ്റിലേക്ക് എറിയുകയായിരുന്നു.
ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ കയ്യിൽ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്ന് നിഗമനം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം കിട്ടിയതായും കണക്കുകൂട്ടൽ. ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.