കക്കൂസ് നാവ് കൊണ്ട് നക്കിച്ച ശേഷം തലമുക്കി; മിഹിർ അഹമ്മദ് നേരിട്ടത് അതിക്രൂരമായ റാഗിങ്ങെന്ന് കുടുംബത്തിൻ്റെ പരാതി

കക്കൂസ് നാവ് കൊണ്ട് നക്കിച്ച ശേഷം തലമുക്കി; മിഹിർ അഹമ്മദ് നേരിട്ടത് അതിക്രൂരമായ റാഗിങ്ങെന്ന് കുടുംബത്തിൻ്റെ പരാതി

കൊച്ചി തൃപ്പൂണിത്തുറയിൽ 15 വയസുകാരനായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. 

സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾ മിഹിറെ കക്കൂസിൽ കൊണ്ടുപോയ ശേഷം ക്ലോസറ്റ് നാവ് കൊണ്ട് നക്കിച്ച ശേഷം തലമുക്കിയെന്ന് കുടുംബം ആരോപിക്കുന്നു.

അതിക്രൂരമായ മാനസിക - ശാരീരിക പീഡനം ആണ് ഉണ്ടായതെന്നും കുടുംബം പറയുന്നു. വർണ്ണ വിവേചനം ഉണ്ടായി എന്നും നിറം പറഞ്ഞ് കളിയാക്കിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

ആരോപണം നിഷേധിച്ച് സ്കൂൾ

ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അറിയിച്ചു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്കൂൾ മാനേജ്മെൻ്റിനുള്ളതെന്നും ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടായാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അവർ പറയുന്നു.

ഈ മാസം 15-ാം തീയ്യതിയാണ് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ മുകളിൽ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. റാഗിങ്ങിനെ തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി.