10 വര്‍ഷത്തിനിടയില്‍ നടത്തിയത് 117 വാര്‍ത്താസമ്മേളനങ്ങള്‍; മാധ്യമങ്ങളെ ഭയക്കാത്ത പ്രധാനമന്ത്രി
മാധ്യമങ്ങളെ ഭയക്കാത്ത പ്രധാനമന്ത്രി
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി മൂന്നിന് നൂറ് കണക്കിന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യശരങ്ങളെ നേരിട്ടു കൊണ്ട് മന്‍മോഹന്‍ സിങ് തന്റെ അവസാന വാര്‍ത്താ സമ്മേളനം നടത്തി. മുന്‍കൂട്ടി തയാറാക്കി നല്‍കിയ ചോദ്യങ്ങളോ മറ്റ് വിലക്കുകളോ ഇല്ലാതെ മാധ്യമപ്രവര്‍ത്തകരുടെ 62 ചോദ്യങ്ങള്‍ അന്ന് മന്‍മോഹന്‍ സിങ് നേരിട്ടു. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു വാര്‍ത്താസമ്മേളനം പോലും നടത്താതിരുന്ന നരേന്ദ്ര മോദിയുടെ ഭരണകാലയളവില്‍ നിന്നും വിഭിന്നമായൊരു സമീപനമായിരുന്നു ഇത്. ഡോ. സിങിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ ഒരു പതിവ്കാഴ്ച മാത്രമായിരുന്നില്ല. അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടിയ നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണം നടത്താനുള്ള വേദിയായിരുന്നു മന്‍മോഹന്‍ സിങിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍. മോദിയെ ദുരന്തം എന്ന് അദ്ദേഹം ബ്രാന്‍ഡ് ചെയ്തു – മാധ്യമ പ്രവര്‍ത്തകനായ പങ്കജ് പചൗരി കുറിച്ചു.
സ്വന്തം മന്ത്രിമാരെ പോലും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയില്ലാത്തയാള്‍, നിര്‍ണായക ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വൈമനസ്യം കാണിച്ചയാള്‍ എന്നൊക്കെ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി അദ്ദേഹത്തിന്റെ മുഖത്ത് നോക്കി വിളിച്ചു. സമകാലിക മാധ്യമങ്ങളെക്കാള്‍, പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളെക്കാള്‍ ചരിത്രം എന്നോട് അതീവ ദയാലുവായിരിക്കുമെന്നു തന്നെ ഞാന്‍ സത്യസന്ധമായും വിശ്വസിക്കുന്നു എന്ന് മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
മന്‍മോഹന്‍ സിങിന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുകളുണ്ടായിരുന്നില്ലെന്നും നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളായിരിക്കില്ല അതില്‍ ചോദിച്ചിരുന്നതെന്നും പല മാധ്യമങ്ങളും ഓര്‍ത്തെടുക്കുന്നുണ്ട്. മാധ്യമങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിന്റെ അഭാവം രാജ്യത്തിന്റെ നേതൃത്വത്തിന്റെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാലത്ത് ഇത് വേറിട്ട മാതൃക തന്നെയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷ കാലയളവില്‍ 117 വാര്‍ത്താസമ്മേളനങ്ങളാണ് അദ്ദേഹം നടത്തിയത്. 72 എണ്ണം വിദേശസന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ബന്ധപ്പെട്ടായിരുന്നു.