ഉപയോഗശൂന്യമായ പഴയ കസവ് സാരികൾ ഉപേക്ഷിക്കുന്നത് ആലോചിച്ചിട്ട് മതി

വീട്ടിൽ ഉപയോ​ഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40.000 രൂപ വരെ തരാം. റീലുകളിലും, ദിനപത്രങ്ങളിൽ തിരുകിയ കടലാസ് പരസ്യങ്ങളിലുമായി ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ചിലർ ഇത് കണ്ട് മൂക്കത്ത് വിരൽ വച്ചു, മറ്റ് ചിലർ വീട്ടിലെ അലമാരകൾ അരിച്ചു പെറുക്കി ഇനി എങ്ങാനും പഴയ കസവ് സാരിയോ പാട്ടുപാവാടയോ കസവുള്ള എന്തെങ്കിലും കിട്ടുമോയെന്ന് നോക്കി പരക്കം പായുന്നു.

എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ ഇതിന് പണം ഉറപ്പാണ്, അതും ചിന്തിക്കാവുന്നതിലും അപ്പുറമുള്ള പണം. 3000 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന കസവ് സാരികളാണ് ഇന്ന് കേരളത്തിൽ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ എത്ര മുഷിഞ്ഞതാണേലും കീറിയതാണേലും കച്ചവടക്കാർക്ക് കൊടുത്തു കഴിഞ്ഞാൽ തുണിയുടെ ഗുണനിലവാരത്തിനനുസരിച്ച് പണം ലഭിക്കും. കസവ് സാരികൾ മാത്രമല്ല ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ പട്ട് മുണ്ട് , പട്ടുപാവാട , ഷാൾ തുടങ്ങിയവയും ഈ കച്ചവടക്കാർ എടുക്കാറുണ്ട്. വസ്ത്രങ്ങളിലെ കസവ് വീണ്ടും ഉപയോ​ഗിക്കാൻ ആകുമോ എന്ന് അറിയാൻ കസവ് ഭാഗം ഒരു പ്രത്യേക ലോഹത്തിലാണ് ഉരച്ച് നോക്കുന്നത്. ഗുണനിലവാരം ഉറപ്പായാൽ ഉടൻ പണം. ഇതാണ് കച്ചവടരീതി. ഇങ്ങനെ കസവ് വസ്ത്രങ്ങൾ എടുത്തു പണം നൽകുന്നവർ ഇപ്പോൾ കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലെല്ലാം ഉണ്ട്. പലരും പാരമ്പര്യമായി ഈ കച്ചവടം ചെയ്യുന്നവർ.