'മഞ്ചേശ്വരം മാഫിയ' വരുന്നു;മലയാളത്തിലെ ആദ്യ സോംബി ചിത്രം
മലയാളത്തിലെ ആദ്യ സോംബി ചിത്രമായ 'മഞ്ചേശ്വരം മാഫിയ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കൊച്ചി: മലയാള സിനിമയിലെ ആദ്യ സോംബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്.
'നരിവേട്ട' എന്ന ടോവിനോ തോമസ് - അനുരാജ് മനോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മാതാക്കൾ.
ഹോളിവുഡില്‍ ഡോണ്‍ ഓഫ് ഡെഡ്, സോംബി ലാന്‍റ്, വേള്‍ഡ് വാര്‍ സെഡ് എന്നിവയും, കൊറിയൻ സിനിമകളില്‍ ട്രെയിന്‍ ടു ബുസാന്‍ പോലുള്ള മികച്ച എന്റർടെയ്നറുകൾ സമ്മാനിച്ച ഈ ഴോണർ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ത ചിത്രത്തിന്‍റെ ടാഗ് ലൈൻ.
അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. വാർത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.