എം ടിയെ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറിയ എം.ടി.യുടെ വിയോഗത്തില്‍ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് എം.കെ സ്റ്റാലിന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. എംടി ആദരമായി തമിഴിനൊപ്പം മലയാളത്തിലും കൂടിയാണ് സ്റ്റാലിൻ അനുശോചന കുറിപ്പ് പങ്കുവെച്ചത്.

ജ്ഞാനപീഠം, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ മലയാള സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വിയോഗവാര്‍ത്ത കേട്ടതില്‍ ഖേദിക്കുന്നു. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിര്‍മ്മാല്യം, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീര ഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്രകാരനും ആയിരുന്നു എം.ടി. തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട തന്റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി. മലയാളസിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ എം.ടി ചില ചിത്രങ്ങള്‍ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാര്‍ഡ് പോലുള്ള പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റര്‍ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളര്‍ത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ തലമുറകളോളം നിലനില്‍ക്കും.
ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറിയ എം.ടി. യുടെ വിയോഗത്തില്‍ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഇന്നലെയാണ് അന്തരിച്ചത് . 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംവഭവിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച പ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ.