ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും; നടപടികള്‍ സബ് കലക്ടറുടെ സാന്നിധ്യത്തില്‍
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ്.
കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു.
കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. വാദം തുടങ്ങിയപ്പോള്‍ തന്നെ ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ കല്ലറ പൊളിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കല്ലറ പൊളിച്ചു പരിശോധിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗമാമാണ്. സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന് എന്തിനാണ് പേടിയെന്നും കോടതി ചോദിച്ചു. ഇതുവരെ മരണ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മകന്‍ സനന്ദന്‍ വ്യക്തമാക്കി.