ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

എന്താണ് ഹെനിപാ വൈറസ്?

Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്. വവ്വാലുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകരായി കണക്കാക്കുന്നത്. ഗുരുതരമായ ശ്വാസകോശ, നാധീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വൈറസ് കാരണമായേക്കാം.

ഹെനിപാവൈറസിന് സമാനമായ നിപ വൈറസും ഹെഡ്രാ വൈറസും പല രാജ്യങ്ങളിലും വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ ഡോ. റൈസ് പാരി പറഞ്ഞു. വടക്കേ അമേരിക്കയിലാണ് ഹെനിപാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് നിര്‍ണായകമാണ്. കാരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യന് ഇത് എത്രത്തോളം അപകടകരമാണ് എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും എലികളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും ഡോ. റൈസ് പറഞ്ഞു.

രോഗം പകരുന്നത് എങ്ങനെ?

  • രോഗവാഹകരായ മൃഗങ്ങളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം
  • രോഗാണുക്കളുള്ള വെള്ളമോ ഭക്ഷണമോ കഴിക്കുന്നതിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്
  • വൈറസ് ബാധിച്ചവരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം

    രോഗ ലക്ഷണങ്ങള്‍

    നിപ വൈറസിന് സമാനമായിരിക്കും ഹെനിപാ വൈറസിന്റെയും ലക്ഷണങ്ങളെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനി, തലവേദന, തൊണ്ടവേദന, ശരീര വേദന, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയവ ഹെനിപാ വൈറസിന്റെ ലക്ഷണങ്ങളായേക്കാം.

    എങ്ങനെ പ്രതിരോധിക്കാം?

    വൈറസ് സ്ഥിരീകരിച്ച മൃഗങ്ങളുമായി ഇടപഴകാതിരിക്കുന്നതിലൂടെ ഹെനിപാ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് തടയാമെന്ന് വിദഗ്ധര്‍ പറയുന്നു. സാമൂഹിക അകലവും ശുചിത്വവും പാലിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക, പക്ഷികളോ മൃഗങ്ങളോ കടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക. ലക്ഷണങ്ങള്‍ തോന്നുന്നവര്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.