ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യക്ക് പിന്തുണയറിയിച്ച് വിവിധ ലോകരാജ്യങ്ങള്‍; ആശങ്ക അറിയിച്ച് ചൈന; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ നടപടിയില്‍ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. ആക്രമണത്തെ കുറിച്ച് അറിയമായിരുന്നുവെന്നും എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് ചൈനയും പ്രതികരിച്ചു.
ദശാബ്ദങ്ങളായി ഇന്ത്യയും പാകിസ്താനും പോരാടുകയാണ് പെട്ടെന്ന് തന്നെ അതെല്ലാം അവസാനിക്കട്ടെയെന്നുമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പ്രതികരിച്ചു. സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍കോ റൂബിയോ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. തിരിച്ചടിക്ക് പിന്നാലെ റഷ്യ, യു.കെ, സൗദി അറേബ്യ പ്രതിനിധികളുമായും ഇന്ത്യ ആശയ വിനിമയം നടത്തി. ഇന്ത്യയും പാകിസ്താനും നടത്തുന്ന സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്നും , ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.
നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം . ഇന്ത്യയും പാകിസ്താനും സമാധാനത്തിന് പ്രഥമപരിഗണന നല്‍കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസര്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യയും, യുകെയും അഭ്യര്‍ത്ഥിച്ചു പാകിസ്താനെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി.