ഇലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ ഫോക്സ്‌വാഗൺ

ഇലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ ഫോക്സ്‌വാഗൺ

ഇലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‌വാഗൺ. സ്കേലബിൾ സിസ്റ്റംസ് പ്ലാറ്റ്‌ഫോമി(SSP)ലാണ് പുതിയ ഇലക്ട്രിക് വാഹനം നിർമ്മിക്കുക. ഈ വർഷം ഇതിന്റെ കൺസെപ്റ്റ് രൂപം വെളിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2027ൽ പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഫോക്സ്‌വാഗൺ ഇവിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

ചിത്രത്തിൽ കാണുന്നതുപോലെ ഫോക്‌സ്‌വാഗൺ ഇവിക്ക് അതുല്യമായ ലൈറ്റിംഗ് ഘടകങ്ങളുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഉണ്ടെന്ന് കരുതുന്നു. ചതുരാകൃതിയിലുള്ള ലൈറ്റിംഗ് സിഗ്നേച്ചർ ഫ്രെയിം ചെയ്ത ഒരു ഹെഡ്‌ലാമ്പ് കാണാൻ കഴിയും. ഇലക്ട്രിക് വാഹനത്തിൻ്റെ ബോഡിയും രൂപകൽപ്പനയും ബ്രാൻഡിൻ്റെ എംഇബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ചെറിയ ബാറ്ററി പായ്ക്ക് ഉള്ള ഒരൊറ്റ മോട്ടോർ സജ്ജീകരണത്തോടെയാകും വാഹനം എത്താൻ സാധ്യത.

എൻട്രി ലെവൽ ഇലക്ട്രിക് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ബ്രാൻഡ് വ്യക്തത നൽകിയിട്ടില്ല. നിലവിൽ, ജർമ്മൻ ബ്രാൻഡ് മറ്റ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ഹോട്ട് ഹാച്ച്ബാക്ക് മോഡൽ ഗോൾഫ് ജി.ടി.ഐ ഇന്ത്യയിലെത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ശ്രമിക്കുന്നുണ്ട്. 2025 ഓഗസ്റ്റിലായിരിക്കും ഹാച്ച്ബാക്കിനെ വിപണനത്തിനായി എത്തിക്കുകയെന്നാണ് വിവരം.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതി. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യയിലെത്തിച്ചിരുന്നു. ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഫോക്‌സ്‌വാഗൺ ആ​ഗോളവിപണിയിൽ എത്തിച്ചിരുന്നത്. ഇന്ത്യയിലെത്തുമ്പോൾ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് ഏകദേശം 40 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.