മെലിയാനായി അമിതമായി ഗ്രീന്‍ടീ കുടിക്കുന്നവര്‍ ഈ അപകടവശങ്ങള്‍ കൂടി അറിയണം

മെലിയാനായി അമിതമായി ഗ്രീന്‍ടീ കുടിക്കുന്നവര്‍ ഈ അപകടവശങ്ങള്‍ കൂടി അറിയണം

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലരും ഗ്രീന്‍ടീ കുടിക്കാറുണ്ട്. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രുചിയിലും സാധാ ചായയില്‍ന്നും വ്യത്യസ്തമാണ് ഗ്രീന്‍ടീ. കെമിക്കല്‍സ് ഒന്നും ചേര്‍ക്കാതെ തനതായ തേയിലയുടെ രുചിയില്‍ എത്തുന്നതാണ് ഗ്രീന്‍ടീ. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രെസ് കുറയ്ക്കാനും ഗ്രീന്‍ടീ ഫലപ്രദമാണ്.

രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നുണ്ട്. അതോടൊപ്പം ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇങ്ങനൊയൊക്കെയാണെങ്കിലും ഗ്രീന്‍ടീയ്ക്ക് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്.

എന്തൊക്കെയാണ് ഗ്രീന്‍ടീയുടെ ദോഷ വശങ്ങള്‍?

ഗുണം പോലെതന്നെ ഗ്രീന്‍ടീയുടെ അമിത ഉപയോഗം പല ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. പരിധിയില്‍ കൂടുതല്‍ ഗ്രീന്‍ ടീ ശരീരത്തിലെത്തിയാല്‍ അത് ഗുണത്തെപ്പോലെതന്നെ ദോഷവും വരുത്തിവയ്ക്കും. ഒരു ദിവസം എട്ട് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് സുരക്ഷിതമല്ല. അതിലധികം കുടിച്ചാല്‍ കഫീന്റെ അളവ് ശരീരത്തില്‍ കൂടാനും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുമിടയാകും. ചിലപ്പോള്‍ തലവേദനയും ക്രമരഹിതമായ ഹൃദയമിടിപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത് കരളിനെ ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ളവര്‍ ഒരിക്കലും അമിതമായ അളവില്‍ ഗ്രീന്‍ ടീ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാരും ഗ്രീന്‍ടീ അമിതമായി കുടിക്കരുത്. ഇത് കഫീന്‍ മുലപ്പാലിലേക്ക് കടക്കാനും കുഞ്ഞിനെ ബാധിക്കാനും കാരണമാകുന്നു. മുലൂയൂട്ടുന്ന അമ്മമാര്‍ രണ്ട് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഓസ്റ്റിയോപൊറോസിസ് രോഗികളില്‍ ഗ്രീന്‍ ടീയുടെ അളവ് കൂടിയാല്‍ കാല്‍സ്യം മൂത്രത്തിലൂടെ പോകുന്നതിന്റെ അളവ് കൂടും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. അനീമിയ രോഗികളും വിഷാദ രോഗമുളളവരും ഗ്രീന്‍ടീ കുടിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്. ഹൃദ്‌രോഗമുള്ളവര്‍ വലിയ അവില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.