എന്താണ് കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍?

എന്താണ് കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍?

ര്‍മ്മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തിന് സുരക്ഷ നല്‍കുന്നതില്‍ സണ്‍സ്‌ക്രീനിന്റെ പ്രധാന്യം വലുതാണ്. എന്നാല്‍ ഇപ്പോഴും സണ്‍സ്‌ക്രീനിന്റെ പ്രാധാന്യം തിരിച്ചറിയാത്ത നിരവധി പേരുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സണ്‍സ്‌ക്രീനിന് പകരം ഉപയോഗപ്രദമല്ലാത്ത മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നവരുമുണ്ട്.

സണ്‍സ്‌ക്രീനിന് പകരം എന്ന് പ്രത്യക്ഷത്തില്‍ അവകാശപ്പെടുന്നില്ലെങ്കിലും 'കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍' ഇന്ന് വിപണിയില്‍ ലഭ്യമാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മടിയുള്ളവര്‍ക്ക് അല്ലെങ്കില്‍ ശരിയായി ഉപയോഗിക്കാത്തവര്‍ക്കുള്ള പരിഹാരമാകുമോ ഇവയെന്ന ചോദ്യത്തിന് അല്ലെന്ന് തന്നെയാണ് ചര്‍മ്മരോഗവിദഗ്ധര്‍ നല്‍കുന്ന മറുപടി.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍ ഏറെ നാളായി വിപണിയിലുണ്ട്. ഇപ്പോള്‍ ഇതേപേരില്‍ തന്നെ വ്യത്യസ്ത ചേരുവകളുമായി ഇന്ത്യന്‍ വിപണിയില്‍ എത്തുകയാണ് ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ശരീരത്തിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കാന്‍ ഇവയ്ക്കാകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്താണ് കുടിക്കാവുന്ന സണ്‍സ്‌ക്രീന്‍?

പേര് കെട്ട് ഇത് സണ്‍സ്‌ക്രീനിന് പകരം ഉപയോഗിക്കാവുന്ന കുടിക്കാവുന്ന ഒന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി. ആന്തരികമായി മാത്രം സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ഓറല്‍ സപ്ലിമെന്റാണ് ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീനെന്ന് കായ ലിമിറ്റഡിലെ മെഡിക്കല്‍ അഡ്‌വൈസറും ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. വിനീത ഷെട്ടി പറഞ്ഞു. ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍, ചര്‍മ്മത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

സാധാരണ സണ്‍സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇവയ്ക്കാകില്ലെന്ന് മുംബൈയിലെ പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റ് ഡോ.നികേത ഇന്ത്യ ടുഡേയോട് പറഞ്ഞു. എന്നാല്‍ യുവി രശ്മികള്‍ മൂലം ശരീരത്തിനേല്‍ക്കാവുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കാന്‍ ഇവയ്ക്കായേക്കും. ശരീരത്തില്‍ സെല്ലുലാര്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് യുവി റേഡിയേഷനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാകുമെന്നും ഡോക്ടര്‍ പ്രതികരിച്ചു.

ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗപ്രദമാണോ എന്ന ചോദ്യത്തിന്, ഇവ ഒരു പരിധിവരെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുമെങ്കിലും, സാധാരണ സണ്‍സ്‌ക്രീനിന് പകരമാകില്ലെന്നായിരുന്നു ഡോ.വിനീതയുടെ ഉത്തരം. 'ചില ആന്റിഓക്സിഡന്റുകളും സസ്യങ്ങളില്‍ നിന്നുള്ള സംയുക്തങ്ങളും യുവി-ഇന്‍ഡ്യൂസ്ഡ് ചര്‍മ്മ കേടുപാടുകള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു, പക്ഷേ അവ എസ്പിഎഫ് അടിസ്ഥാനമാക്കിയുള്ള ക്രീമുകളോ ലോഷനുകളോ നല്‍കുന്ന അതേ തലത്തിലുള്ള നേരിട്ടുള്ള സംരക്ഷണം നല്‍കുന്നില്ല', അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒരുപക്ഷെ ഡ്രിങ്കബിള്‍ സണ്‍സ്‌ക്രീന്‍ ഗുണകരമായേക്കാം, പക്ഷെ സാധാരണ സണ്‍സ്‌ക്രീനോ മോയിസ്ച്ചറൈസറോ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിക്കരുതെന്നും അവര്‍ പറയുന്നു.