ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍വിജയം, ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം: ഇസ്രയേല്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍വിജയം, ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം: ഇസ്രയേല്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ അഭിനന്ദിച്ച് ഇസ്രയേല്‍. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അമീര്‍ ബറാം ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി ഫോണില്‍ സംസാരിക്കുകയും ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിക്കുകയും ചെയ്തു. മുന്‍പും ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതികരണം നടത്തിയിരുന്നു.

പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയും ഇസ്രയേലും വ്യക്തമാക്കി. സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധമന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് പങ്കുവച്ചത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയത്.

വ്യത്യസ്ത യുദ്ധമുറകള്‍ക്ക് എതിരായ സൈനിക പ്രതികരണമായാണ് സിന്ദൂര്‍ ദൗത്യം നടപ്പിലായത്.നൂര്‍ ഖാന്‍, റഹീം യാര്‍ഖാന്‍ വ്യോമ താവളങ്ങള്‍ തകര്‍ത്തത് കൃത്യതയുടെ തെളിവാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ്’ വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോണുകളെ ഫലപ്രദമായി തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും, വിദേശ നിര്‍മ്മിത നൂതന ആയുധങ്ങള്‍ ഉപയോഗിച്ചിട്ടും പാകിസ്ഥാനെക്കാള്‍ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യകള്‍ മികച്ചുനിന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ ദൗത്യത്തിന് ഉപയോഗിച്ചു.