‘ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; ഫണ്ട് അനുവദിച്ചത് എന്തിന്?’ വിമർശിച്ച് ട്രംപ്

‘ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; ഫണ്ട് അനുവദിച്ചത് എന്തിന്?’ വിമർശിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സഹായധനം അനുവദിച്ചതിൽ വിമർശനം. തിരഞ്ഞെടുപ്പുകളിൽ വോട്ടേഴ്സ് പങ്കാളിത്തം വർധിപ്പിക്കാൻ ഫണ്ട് അനുവദിച്ചത് എന്തിനെന്ന് ചോദ്യം. അതിനിടെ അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്. പോസ്റ്റ് ഷെയർ ചെയ്ത് ഇലോൺ മസ്ക്

വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്’ ഇന്ത്യയെന്നും ട്രംപ് വ്യക്തമാക്കി. വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി യുഎസ് എയ്ഡ് 21 മില്യൺ ഡോളർ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

സാമ്പത്തിക വളർച്ചയുള്ള, ഉയർന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തത് ഉയർന്ന നികുതി മൂലമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

ഫെബ്രുവരി 16നാണ് ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. സർക്കാർ ചെലവുകളിൽ ഡോജ് വലിയ മാറ്റങ്ങൾ വരുത്തുന്നത് ഇത് ആദ്യമല്ല. ട്രംപ് ഭരണകാലത്ത് സ്ഥാപിതമായ ഡോജിനു സർക്കാർ നടത്തുന്ന ചെലവുകൾ ഇല്ലാതാക്കുക എന്നതാണ് ചുമതല. എന്നാൽ ഡോജിന്റെ വിപുലമായ അധികാരങ്ങളും മസ്‌കിന്റെ സ്വാധീനവും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.