അസ്മയുടെ ബിരിയാണി; ചാൾസ് രാജാവിനെ കൈയ്യിലെടുത്ത ഷെഫ്

ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ സന്തോഷം ആണ്. അത് വിളമ്പി നൽകുന്നത്. ഭക്ഷണം കൊടുക്കുന്നവർ അത് ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോഴോ അതിലേറെ സന്തോഷം തോന്നും അല്ലെ... അങ്ങനെ ഭക്ഷണം പാകം ചെയ്ത്, അത് വിളമ്പി നൽകി ചാൾസ് രാജാവിനെ വരെ കൈയ്യിലെടുത്ത ഒരു ഷെഫ് ഇവിടെയുണ്ട്. അറിയപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യൻ പാചകക്കാരിയും എഴുത്തുകാരിയുമാണ് അസ്മ ഖാൻ. പ്രശസ്തമായ ലണ്ടൻ റസ്റ്റോറന്റായ ഡാർജിലിംഗ് എക്സ്പ്രസിന്റെ സ്ഥാപക കൂടെയാണ് അസ്മ. അടുത്തിടെയാണ് ചാൾസ് രാജാവിനേയും, രാജ്ഞി കാമിലയേയും തന്റെ വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ സ്വാദ് അറിയിക്കാൻ ആസ്മയക്ക് സാധിച്ചത്. താൻ നടത്തുന്ന ഡാര്‍ജിലിങ് എക്‌സ്പ്രസ് എന്ന റെസ്റ്റോറന്റിലേക്കാണ് ചാള്‍സ് രാജാവ് എത്തിയത്. അസ്മ ഖാന്‍ ഇതിന്റെ വീഡിയോ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
രാജാവിനും ഭാര്യയ്ക്കും ബിരിയാണി വിളമ്പുന്നതും ഇരുവരും ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിലുണ്ട്. ബിരിയാണിയുടെ മണം രാജാവിന് നന്നേ ഇഷ്ടമായതും വീഡിയോയില്‍ നിന്ന് മനസിലാക്കാവുന്നതാണ്. റമദാന് മുന്‍പുള്ള ഒത്തുചേരല്‍ സല്‍ക്കാരത്തിനുള്ള ഒരുക്കത്തിലാണ് ചാള്‍സ് രാജകുമാരന്‍ എത്തിയത്. ഈന്തപഴവും ബിരിയാണിയും പാക്ക് ചെയ്യാനായി ചാള്‍സ് രാജാവും കമീലയും പങ്കുചേര്‍ന്നുവെന്നും അസ്മഖാന്‍ പറയുന്നു.
ആരാണ് അസ്മ ഖാൻ?
കൊല്‍ക്കത്തയില്‍ വേരുകള്‍ ഉള്ള ബ്രിട്ടീഷ് ഇന്ത്യന്‍ ഷെഫാണ് അസ്മ ഖാന്‍. കൊൽക്കത്ത സ്വദേശിയായ അസ്മ ഖാൻ 1996ലാണ് കിംഗ്സ് കോളേജിൽ നിന്ന് നിയമം പഠിക്കാൻ വേണ്ടി യുകെയിലേക്ക് താമസം മാറിയത്. രണ്ട് മക്കളുടെ അമ്മ ആയതിന് ശേഷവും തന്റെ സ്വപ്നങ്ങളെ മാറ്റിവെക്കാൻ അസ്മ തയ്യാറായില്ല. 2012ൽ വീട്ടിൽ ഒരു സപ്പർ ക്ലബ് ആരംഭിച്ചതോടെയാണ് ഭക്ഷ്യവ്യവസായത്തിലെ അവരുടെ യാത്ര ആരംഭിക്കുന്നത്. സംരംഭം തുടങ്ങി വളരെ വേഗത്തിൽ തന്നെ ആളുകളുടെ പ്രിയം സ്വന്തമാക്കി. ഒടുവിലാണ് 2017ൽ അസ്മ ഡാർജിലിംഗ് എക്സ്പ്രസ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. അവരുടെ പാചകക്കാരിൽ അധികവും ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ്.
നല്ലൊരു എഴുത്തുകാരി കൂടിയാണ് അസ്മ ഖാൻ. 2018ലാണ് തന്റെ ആദ്യ പുസ്തകമായ 'അസ്മാസ് ഇന്ത്യൻ കിച്ചൻ' പ്രസിദ്ധീകരിച്ചത്. കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാചകക്കുറിപ്പുകളെ കുറിച്ച് പുസ്തകത്തിൽ അസ്മ പറഞ്ഞിരുന്നു. അതിനുശേഷം 2022ൽ തന്റെ അമ്മയ്ക്ക് ആദരസൂചകമായി 'അമ്മു' എന്ന പുസ്തകം പുറത്തിറക്കി. ജനപ്രിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ഷെഫ്സ് ടേബിളിൽ പങ്കെടുത്ത ആദ്യത്തെ ബ്രിട്ടീഷ് ഷെഫായി 2019ൽ അസ്മയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിരുന്നു. 2024ലെ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അസ്മ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.