‘ഈ ജന്മത്തിൽ നിങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല’; വൈറലായി അരവിന്ദ് കെജ്രിവാളിന്റെ പഴയ പ്രസംഗം

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം നേടിയതോടെ അരവിന്ദ് കെജ്രിവാളിന്റെ പഴയ പ്രസംഗം വീണ്ടും വൈറലായി. ദേശീയ തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം ഭരണമായിരുന്നു എഎപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബിജെപിയുടെ വലിയ മുന്നേറ്റം അരവിന്ദ് കെജ്രിവാളിന് വരെ തോൽവി സമ്മാനിച്ചിരിക്കുകയാണ്. ഡൽഹിയിലെ എഎപി തോൽവി സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പഴയ പ്രസംഗം വീണ്ടും ചർച്ചയാകുന്നത്.
ഈ ജന്മത്തിൽ ഒരിക്കലും ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ ബിജെപിക്ക് കഴിയില്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ പ്രസംഗം. 2023ൽ ഡൽഹിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പരാമർശം. “അവരുടെ ഉദ്ദേശം എഎപി സർക്കാരിനെ താഴെയിറക്കുകയാണ്, നരേന്ദ്ര മോദി ജി ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നു. അവർക്കറിയാം, തെരഞ്ഞെടുപ്പിലൂടെ ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. ഈ ജന്മത്തിൽ ഞങ്ങളെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, ഡൽഹിയിൽ ഞങ്ങളെ തോൽപ്പിക്കാൻ നിങ്ങൾക്ക് മറ്റൊരു ജന്മം വേണ്ടിവരും” എന്നായിരുന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നത്.
അതേസമയം അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഡൽഹിയിൽ തോൽവിയറിഞ്ഞു.
27 വർഷത്തിന് ശേഷം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. 47 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. രണ്ട് തവണ തുടർച്ചയായി ആധികാരിക വിജയം നേടിയിരുന്ന എഎപിക്ക് 23 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ബിജെപിയുടെ വോട്ട് വിഹിതം 47.01 ശതമാനവും എഎപിയുടെ വോട്ട് 43.16 ശതമാനവുമാണ്.