യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക്; നീക്കവുമായി ആപ്പിള്‍

യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക്; നീക്കവുമായി ആപ്പിള്‍

യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ നീക്കവുമായി ആപ്പിള്‍. ചൈനയെ ഉത്പാദനത്തിനായി അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടി.

അടുത്ത വർഷം ആദ്യം തന്നെ യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും അസംബ്ലി ഇന്ത്യയിലേക്ക് മാറ്റുമെന്ന് ഫിനാൻഷ്യൽ ടൈംസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ടെക് ഭീമനെ ചൈനയിൽ നിന്ന് അകറ്റാൻ നിർബന്ധിതരാക്കുന്നുവെന്നും റിപ്പോർട്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ചു വരികയാണ് ആപ്പിള്‍. 2026 ഓടെ പ്രതിവര്‍ഷം ആറ് കോടി ഐഫോണുകള്‍ വിറ്റഴിക്കുന്ന യുഎസ് വിപണിയിലേക്കുള്ള മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിന്ന് നിര്‍മിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. അതിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കും.

ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങിയ നിര്‍മാണ കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലുണ്ട്. യുഎസ് താരിഫ് നിരക്ക് വര്‍ധിപ്പിച്ചതോടെ മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ വന്‍തോതില്‍ ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു.മാര്‍ച്ചില്‍ മാത്രം 131 കോടി ഡോളര്‍ മൂല്യം വരുന്ന ഐഫോണുകളാണ് ഫോക്‌സ്‌കോണ്‍ കയറ്റി അയച്ചത്.