Home / Health / ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!
ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!

ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!

രീരത്തേയും മനസ്സിനേയും ഒരുപോലെ തണുപ്പിക്കുന്ന ശീതകാലം രോഗാതുരതയുടെ കാര്യത്തില്‍ തികച്ചും കഷ്ടകാലമാണ്..പ്രത്യേകിച്ചും ഹൃദ്രോഗമുള്ളവരെ സംബന്ധിച്ചിടത്തോളം. പാശ്ചാത്യ ലോകത്തെപ്പോലെ ഗുരുതരമായ ശൈത്യമില്ലെങ്കിലും ഇന്ത്യയിലെ ഡിസംബര്‍-ജനുവരി മാസങ്ങള്‍ തണുപ്പിന്റെ കാര്യത്തില്‍ പലപ്പോഴും അസഹ്യമാകാറുണ്ട്. വിദേശരാജ്യങ്ങളില്‍ തണുപ്പിനെ ചെറുത്തുനില്‍ക്കാനുള്ള വസ്ത്രധാരണവും വീടുകളിലെ താപവര്‍ധനോപകരണങ്ങളും സുലഭമായുള്ളപ്പോള്‍, വികസ്വരരാജ്യങ്ങളില്‍ ശീതകാലത്ത് ജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുകതന്നെ ചെയ്യുന്നു.

വര്‍ധിച്ച തണുപ്പില്‍ നിന്ന് ശരീരത്തെ പരിരക്ഷിക്കുന്ന കമ്പിളി വസ്ത്രങ്ങളുടെ അഭാവവും കൂടുതല്‍ കലോറിയടങ്ങുന്ന പോഷകങ്ങളുടെ അപര്യാപ്തതയും ഇന്ത്യക്കാരന്റെ ശാരീരിക പ്രതിരോധശക്തിയുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കുക തന്നെ ചെയ്യുന്നു. ഫലം, നാനാവിധ രോഗങ്ങളുടെ കടന്നാക്രമണം തന്നെ.

ഫ്‌ളൂ, ജലദോഷം, ന്യൂമോണിയ മറ്റ് ശ്വാസകോശ രോഗങ്ങള്‍, സ്വഭാവ വ്യതിയാനങ്ങളും വിഷാദരോഗവും തുടങ്ങി ഹൃദയാഘാതവും റുമാറ്റിക് ഫീവറും സ്ട്രോക്കും തണുപ്പുകാലത്ത് കൂടുതലായി ഉണ്ടാകുന്നതായി പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.

അലബാമ യൂണിവേഴ്സിറ്റിയില്‍ പ്രൊഫ. സ്റ്റീഫന്‍ ഗ്‌ളാസര്‍ നടത്തിയ ബൃഹത്തായ നിരീക്ഷണങ്ങളില്‍, ശിശിരകാലത്തെ ദിനരാത്രങ്ങളുടെ വ്യതിയാനങ്ങള്‍ മനുഷ്യശരീരത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ പാടേ തെറ്റിക്കുമെന്ന് തെളിഞ്ഞു. സ്ട്രെസ് ഹോര്‍മോണായ ‘കോര്‍ട്ടിസോളി’ന്റെ അതിപ്രസരം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ സാരമായ സ്വഭാവ വ്യതിയാനങ്ങളും ഉണ്ടാക്കുന്നു. മറ്റൊരു പഠനത്തില്‍, ശിശിരകാലത്ത് 92 ശതമാനം ആള്‍ക്കാരില്‍ വൈകാരിക അവസ്ഥയില്‍ കാതലായ പാളിച്ചകളുണ്ടാകുന്നതായി കണ്ടു. വിഷാദരോഗം വര്‍ധിക്കുന്ന പ്രവണത പ്രകടമായി. സ്ട്രെസും വിഷാദവുമെല്ലാം ഹൃദ്രോഗങ്ങളെ മാടിവിളിക്കുക തന്നെ ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഊര്‍ജം ലഭ്യമാകാന്‍ ഉപാപചയ പ്രക്രിയ സുഗമമായി നടക്കണം. അതിനായി ശരീരത്തിലെ ആന്തരിക മാര്‍ഗങ്ങളിലെ ‘കോര്‍’ താപനില സന്തുലിതമായിരിക്കണം. കോര്‍ താപനില ഒരു നിശ്ചിത തോതില്‍ കൂടുകയോ കുറയുകയോ ചെയ്യാതിരുന്നാല്‍ നന്ന്. താപനില കൂടുമ്പോള്‍ ഊര്‍ജ്ജവിനിയോഗം കുറയുന്നു. അതുപോലെ  താപനില 35 ഡിഗ്രിയില്‍ കുറയുമ്പോള്‍ ‘ഹൈപ്പോത്തേര്‍മിയ’ എന്ന സവിശേഷാവസ്ഥ സംജാതമാകുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങളെ സമൂലമായി തളര്‍ത്തുന്ന അവസ്ഥയാണ് ‘ഹൈപ്പോത്തേര്‍മിയ’. പൊതുവായ തളര്‍ച്ച, ശ്രദ്ധാദാരിദ്ര്യം, ചലനമാന്ദ്യം, പതറുന്ന ശ്വാസോച്ച്വാസം, കൃത്യമല്ലാത്ത ഹൃദയസ്പന്ദനം ഇവയെല്ലാം അതീവ ശൈത്യത്തില്‍ ഉണ്ടാകുന്നു. ബി.പി.യും പള്‍സും ആദ്യം കൂടുമെങ്കിലും പിന്നീട് അവയെ മന്ദഗതിയിലാക്കുന്നു. വിദേശരാജ്യങ്ങളില്‍ ‘ഹെപ്പോത്തേര്‍മിയ’ അതിരുകടന്നാല്‍ മരണം തന്നെ സംഭവിക്കുന്നു. ഉത്തരേന്ത്യയില്‍ ഏറെ തണുപ്പുള്ള പ്രദേശങ്ങളില്‍, അധികരിച്ച തുണുപ്പിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു.

കേരളത്തില്‍ അതീവശൈത്യം കുറവാണെങ്കിലും ഹൈറേഞ്ചുകളിലെ പ്രദേശങ്ങളില്‍ അസഹ്യമായ തണുപ്പിനെ തുടര്‍ന്നുള്ള രോഗങ്ങള്‍ ബാധിക്കുന്നവര്‍ ഏറെയുണ്ട്. തണുപ്പിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിക്കുന്നത് വൃദ്ധജനങ്ങളാണ്. തണുപ്പിനെ ചെറുക്കുന്ന പരിചയായി നില്‍ക്കേണ്ട ചര്‍മത്തിലെ കൊഴുപ്പിന്റെ കുറവും കുറഞ്ഞ ചലനശേഷിയും വിവിധ രോഗാതുരതകളും വൃദ്ധജനങ്ങള്‍ക്ക് അധികമായി പരിക്കുകളേല്‍പ്പിക്കുന്നു. ശീതകാലത്ത് കൂടുതല്‍ മരണമടയുന്നതും വയോധികര്‍ തന്നെ.

ശരീരത്തിന്റെ കോര്‍ താപനില സന്തുലിതമാക്കാന്‍ ഉപാപചയ പ്രക്രിയകള്‍ ധൃതഗതിയിലാക്കി ഊര്‍ജോത്പാദനം വര്‍ധിപ്പിക്കുന്നു. ഊര്‍ജം ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. അപ്പോള്‍ കൂടുതല്‍ ആഹാരം ആവശ്യമായി വരും. അതുകൊണ്ടാണ്, ശീതകാലത്ത് വിശപ്പ് കൂടുന്നതും. ആ സാഹചര്യത്തില്‍ ആവശ്യത്തിന് പോഷകമൂല്യമുള്ള ആഹാരപദാര്‍ഥങ്ങള്‍ ലഭിക്കാതിരുന്നാല്‍ പ്രശ്‌നമായി.

വര്‍ധിച്ച അളവില്‍ ഭക്ഷിക്കുന്ന ആഹാരത്തിന്റെ ആഗിരണവും ദഹനപ്രക്രിയയും സുഗമമാവണമെങ്കില്‍ ആമാശയാന്ത്രങ്ങളിലെ രക്തപര്യയനം സജീവമാകണം. ഇത് നടക്കുന്നത് ഹൃദയത്തിന്റെ അമിത സങ്കോച-വികാസ പ്രവര്‍ത്തനത്തിലൂടെയാണ്. ഏതു മുക്കിലും മൂലയിലും രക്തമെത്തിച്ചു കൊടുക്കാന്‍ ഹൃദയം കിണഞ്ഞു പരിശ്രമിക്കുന്നു. ഹൃദയ സങ്കോച-വികാസം വധിക്കുമ്പോള്‍ ഹൃദയപേശികളിലെ പ്രാണവായുവിന്റെ ആവശ്യകത കൂടുന്നു. ബ്ലോക്കുള്ള കൊറോണറി ധമനികളും വ്രണപ്പെട്ട ഹൃദയ പേശികളുമുള്ള അവസ്ഥയില്‍, ഈ വര്‍ധിച്ച അധ്വാനത്തിനു മുന്നില്‍ ഹൃദയം കൂടുതല്‍ തളരുകതന്നെ ചെയ്യുന്നു. ഈ അവസ്ഥയില്‍ ഹാര്‍ട്ട് അറ്റാക്കോ മരണം തന്നെയോ സംഭവിക്കുന്നു.

കൂടാതെ, ശീതകാലത്ത് രക്തക്കുഴലുകള്‍ പൊതുവായി ചുരുങ്ങുന്നു. ഇതും ശരീരത്തിന്റെ താപം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. ഹൃദയധമനികള്‍ ചുരുങ്ങി, അതിലൂടെയുള്ള രക്തസഞ്ചാരം ദുഷ്‌കരമായാല്‍ രക്തദാരിദ്ര്യത്താല്‍ അന്‍ജൈനയോ ഹൃദയാഘാതമോ ഉണ്ടാകുന്നു. തണുപ്പുകാലത്ത് രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഏറുന്നു. ജരിതമായ ധമനകളിലെ കൊഴുപ്പു നിക്ഷേപങ്ങള്‍ വളര്‍ന്നു വലുതായി  ‘പ്‌ളാക്ക്’ ഉണ്ടായി, അതുമൂലം രക്തധമനി പൂര്‍ണമായി അടഞ്ഞ്. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാമെങ്കിലും ഇത്തരത്തിലുണ്ടാകുന്നതിനേക്കാള്‍  താരതമ്യേന ചെറിയ ‘പ്‌ളാക്ക്’ ഉള്ളവരിലാണ് ഹൃദയാഘാതത്തിന്റെ തോത് കൂടുതലായി കാണുന്നതും.

പ്രത്യേകമായ ബാഹ്യപ്രേരണകളാല്‍ കൊറോണറി ധമനികളിലെ കൊഴുപ്പുനിക്ഷേപം നീരുവന്ന് വിങ്ങി പൊട്ടുന്നു. അതേ തുടര്‍ന്ന്, അവിടെയുണ്ടാകുന്ന രക്തക്കട്ട കൊറോണറിയുടെ ഉള്‍വ്യാസം അടയ്ക്കുന്നതു മൂലം രക്തപ്രവാഹം അപര്യാപ്തമാകുകയും ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്നു.

ശീതകാലത്തുണ്ടാകുന്ന ഫ്‌ളൂ, ഇതര ശ്വാസകോശ രോഗങ്ങള്‍ തടങ്ങിയവ സമൂലമായ ധമനീവീക്കത്തിനു കാരണമാകുകയും ധമനീപാളികളിലെ ‘പ്‌ളാക്ക്’ മയപ്പെടുത്തുകയും ചെയ്യുന്നു. തന്മൂലം കൊഴുപ്പു നിക്ഷേപത്തിലുണ്ടാകുന്ന വിള്ളലില്‍ അടിഞ്ഞുകൂടുന്ന ശ്വേതരക്താണുക്കളും  ഫൈബ്രിനും മറ്റു ഘടകങ്ങളും വലിയ രക്തക്കട്ടയായി രൂപപ്പെട്ട് രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു.

വിദേശരാജ്യങ്ങളില്‍ കഠിന ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത 50 ശതമാനം വരെ വര്‍ധിക്കുമെന്ന് നിരീക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. കേരളത്തിലും ശീതകാലത്ത് പ്രത്യേകിച്ച്, വയോധികരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിച്ചുകാണുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

തണുപ്പിനെ മറികടക്കാന്‍ ഇനി മദ്യം കുടിക്കാമെന്നു വച്ചാല്‍ ഗുണത്തേക്കാളുപരി ദോഷം തന്നെയുണ്ടാകുന്നു. മദ്യസേവയിലൂടെ താത്കാലികമായുണ്ടാകുന്ന താപവര്‍ധന, ശരീരത്തിന്റെ യഥാര്‍ഥമായ താപനില വിവേചിച്ചറിയാനുള്ള സിദ്ധി നഷ്ടപ്പെടുത്തുകയും അതുമൂലം പ്രതിരോധ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു.

തന്മൂലം ‘ഹൈപ്പോത്തേര്‍മിയ’യിലേക്കും ശരീരം പതിക്കുന്നു. കൂടാതെ, മദ്യം ധമനികളെ വികസിപ്പിക്കുകയും തന്മൂലം കൂടുതലായി താപം നഷ്ടപ്പെടുകയും ചെയ്യുന്നു. അതുപോലെ തണുപ്പകറ്റാനായി കൂടുതലായി കാപ്പി കുടിക്കുന്നതും പുകവലിക്കുന്നതും ഹൃദയ പ്രവര്‍ത്തത്തിന് പരിക്കുകളേല്‍പ്പിക്കുക തന്നെ ചെയ്യുന്നു.

ഹൃദയവാല്‍വുകള്‍ക്ക് അപചയമുണ്ടാക്കുന്ന ‘റുമാറ്റിക് ഫീവറും’ ശിശിരകാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്. വാല്‍വുകളുടെ ഘടനയും പ്രവര്‍ത്തനവും താറുമാറാക്കി, മാരകമായ രോഗലക്ഷണങ്ങളിലേക്കും തള്ളിവിടുന്ന വാതപ്പനി, കൃത്യമായി രോഗനിര്‍ണയം ചെയ്യുകയും ചികിത്സിക്കുകയും വേണം.

തണുപ്പുകാലത്ത് ശരീരത്തെ പൊതുവായി പരിരക്ഷിക്കാനും രോഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു നില്‍ക്കാനും എന്തൊക്കയാണ് വഴികള്‍?

  • ശരീരത്തെ എപ്പോഴും ചൂടായി സൂക്ഷിക്കുക, പ്രത്യേകിച്ച് നെഞ്ചും കഴുത്തും പാദങ്ങളുമെല്ലാം രാത്രിയിലും മറ്റും കമ്പിളി വസ്ത്രങ്ങള്‍ കൊണ്ട് പുതയ്ക്കുക. ഫാനിന്റെ വേഗം കുറയ്ക്കുക.
  • ജീവകങ്ങള്‍ സുലഭമായുള്ള ഭക്ഷണം കഴിക്കുക, വേണ്ടി വന്നാല്‍ വിറ്റാമിന്‍ ഗുളികകള്‍ സേവിക്കുക. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ശരീരത്തിലുണ്ടാകുന്ന ‘വിറ്റാമിന്‍ ഡി’ ശിശിരകാലത്ത് കുറവാകുന്നത് ഹൃദയാരോഗ്യത്തിന് വിനയാകുന്നു. ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കുകയും ആവശ്യമായാല്‍ ‘വിറ്റാമിന്‍-ഡി’ ഗുളികകള്‍ കഴിക്കുകയും ചെയ്യുക.
  • അമിതാധ്വാനം ഒഴിവാക്കുക, പ്രത്യേകിച്ച്, ഹൃദ്രോഗമുള്ളവര്‍.
  • ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ അമിത ഭക്ഷണത്തിന്റെ കാലം കൂടിയാണ്. കൂടുതല്‍ കൊഴുപ്പും മധുരവുമടങ്ങുന്ന ഭക്ഷണക്രമം ശാരീരികാരോഗ്യത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുന്നു. തൊഴുപ്പ് അധികമുള്ള ഭക്ഷണം കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു. കേക്കും മധുരപലഹാരങ്ങളും പ്രമേഹ രോഗികള്‍ക്ക് വിനയാകുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്നു.
  • ആഘോഷ വേളകളില്‍, പ്രത്യേകിച്ച് തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ പലരും വിമുഖരാണ്. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായയ വ്യായാമപദ്ധതി തുടര്‍ന്നുകൊണ്ടു പോകുക. അമിതഭക്ഷണം കൊണ്ടുണ്ടാകുന്ന ഭാരവര്‍ധന നിയന്ത്രിക്കാനും വ്യായാമം ഉത്തമം.
  • ശീതകാലത്ത് ഫ്‌ളൂ വരാതിരിക്കാന്‍ വിദേശത്ത് ഫ്‌ളൂ വാക്‌സിന്‍ എടുക്കാറുണ്ട്. ‘ന്യുമോകോക്കല്‍ വാക്‌സിന്‍’ എടുക്കുന്നതും ന്യൂമോണിയ വരാതിരിക്കാന്‍ സഹായിക്കും. തണുപ്പുകാലത്തുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കാറുണ്ട്.
  • ഹൃദ്രോഹത്തിന് നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍  ആഘോഷത്തിമിര്‍പ്പില്‍ വിസ്മരിച്ചുപോവാതെ കൃത്യമായി സേവിക്കുക.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top