Home / Human rights / 14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും
14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിന്നാലുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും സഹോദരിയേയും മറ്റ് ബന്ധുക്കളേയും ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ ജയമോള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

കൊലപാതകം താനൊറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഈ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസിനാകുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പുറത്തുനിന്നെത്തിയ മകനും താനുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇവര്‍ പറഞ്ഞത്. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് പുറകിലുള്ള ചുറ്റുമതിലിനോടുചേര്‍ന്നുള്ള സ്ഥലത്തിട്ട് കത്തിക്കുകയായിരുന്നു. പാതി കത്തിയ മൃതദേഹം പിന്നീട് 200 മീറ്ററോളം വലിച്ചിഴച്ച് ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളുകയായിരുന്നെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ഇവരുടെ ഭര്‍ത്താവ് ജോലിസ്ഥലത്തുനിന്ന് വന്നപ്പോഴാണ് പുറത്തുപോയ മകന്‍ മടങ്ങിയെത്തിയില്ലെന്ന വിവരം പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെല്ലാം തിരച്ചില്‍ നടത്തി. രാത്രി ചാത്തന്നൂര്‍ പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകത്തില്‍ വേറെ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ.ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. നിലവില്‍ കാരണമായി കരുതുന്നത് അമ്മയുടെ കുറ്റസമ്മതമൊഴിയിലെ വിവരങ്ങളാണ്. ഇത് മുഖവിലയ്ക്ക് എടുക്കാനാവില്ല. ശാസ്ത്രീയ പരിശോധനയും അവരുടെ ഫോണ്‍കോളുകളുടെ വിവരങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭര്‍ത്തൃമാതാവിനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവരുടെ വീട്ടില്‍പോയി വന്നപ്പോഴാണ് കുട്ടി കൊലചെയ്യപ്പെട്ടതെന്നും കമ്മിഷണര്‍ എ.ശ്രീനിവാസ് അറിയിച്ചു.

അമ്മ ജയമോള്‍ പോലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട നടുക്കത്തിലാണ് നാട്ടുകാര്‍. 14 വര്‍ഷം ആറ്റുനോറ്റു വളര്‍ത്തിയ മകനെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ മൊഴി.

തിങ്കളാഴ്ച വൈകീട്ട് സമീപത്തുള്ള മമ്മി(അച്ഛന്റെ അമ്മ)യുടെ അടുത്ത് ജിത്തു പോയിരുന്നു. മടങ്ങിയെത്തിയ ജിത്തു അമ്മയ്ക്കായി സ്വത്തുക്കള്‍ ഒന്നും നല്‍കില്ലെന്ന് മമ്മി പറഞ്ഞതായി അറിയിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. അച്ഛന്റെ വീട്ടുകാരുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജിത്തുവിനോട് അതിന്റെ വിരോധവുമുണ്ടായിരുന്നുവത്രേ.

പോലീസിനോട് പറഞ്ഞതിങ്ങനെ: അടുക്കളയില്‍ സ്ലാബിന് മുകളിലിരുന്ന ജിത്തുവിനെ ഷാള്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ടു മുറുക്കി. നിലതെറ്റി സ്ലാബില്‍നിന്ന് തറയിലേക്ക് വീണപ്പോള്‍ കഴുത്തിലെ കുരുക്ക് കൂടുതല്‍ മുറുകി. വീണ്ടും കുരുക്ക് മുറുക്കി മരണം ഉറപ്പാക്കി. അടുക്കളവാതിലിലൂടെ പുറത്തേക്ക് വലിച്ചിറക്കി പിന്‍ഭാഗത്തെ മതിലിനോടു ചേര്‍ത്തിട്ട് കത്തിച്ചു. ഇതിനായി വിറകും തൊണ്ടും ചിരട്ടയും ഉപയോഗിച്ചു. അടുത്ത വീട്ടില്‍നിന്ന് മണ്ണെണ്ണയും വാങ്ങി മൃതദേഹത്തിലൊഴിച്ച് കത്തിച്ചു. അകത്തുപോയി മടങ്ങിവന്നപ്പോഴും പൂര്‍ണമായും കത്തിയിരുന്നില്ല. ഇതു കണ്ട് വെള്ളമൊഴിച്ച് തീകെടുത്തി. അകത്തുനിന്ന് തുണി എടുത്തുകൊണ്ടുവന്ന് പാതി കരിഞ്ഞ് വികൃതമായ ശരീരം കെട്ടിവലിച്ച് അരമതിലിനു മുകളില്‍ക്കൂടി അടുത്ത റബ്ബര്‍ തോട്ടത്തില്‍ തള്ളി.

അവിടെനിന്ന് മൃതദേഹം വലിച്ചിഴച്ച് 200 മീറ്ററോളം അകലെയുള്ള വിജനമായ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ കക്കൂസ് മറയ്ക്കുള്ളില്‍ കൊണ്ടിട്ടു. ഇതിനടുത്ത സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷൃം. അതിനായി ടാങ്ക് പൊളിക്കാന്‍ വീട്ടില്‍നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്നു. പക്ഷേ, ശ്രമം വിജയിച്ചില്ല. അതോടെ ശരീരം അവിടെ ഉപേക്ഷിച്ച് മടങ്ങി.

ശരീരം വലിച്ചിഴച്ചു കൊണ്ടുപോയ വഴിയില്‍ പല അവയവങ്ങളും ഊര്‍ന്നുവീണു. ഇത് പലയിടത്തുനിന്നും പോലീസ് കണ്ടെടുത്തു.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top